രാജാക്കാട് : ദിവസങ്ങളായി ജനവാസ മേഖലകളിൽ ഇറങ്ങുന്ന ഒറ്റയാൻ ചിന്നക്കനാൽ സിംഗുകണ്ടത്ത് വ്യാപകമായി കൃഷി നശിപ്പിച്ചു. പകൽ നേരങ്ങളിൽ വിലക്ക ഭാഗത്ത് കുറ്റിക്കാടുകളിലും മറ്റും തങ്ങുന്ന കാട്ടാന രാത്രി എട്ടോടെ കൃഷിയിടങ്ങളിൽ ഇറങ്ങുകയാണ്. മുരുകേശൻ, പേഴുകുടിയിൽ ഷാജി, റെജി തുടങ്ങിയവരുടെ ഏക്കർ കണക്കിന് സ്ഥലത്തെ ഏലംകൃഷി അടുത്ത ദിവസങ്ങളിൽ നശിപ്പിച്ചു. വാഴ ചക്ക തുടങ്ങിയ ഭക്ഷ്യവസ്തുക്കൾ തേടി ഇറങ്ങുന്ന ഒറ്റയാൻ വീടുകൾക്ക് സമീപത്താണ് കൂടുതൽ സമയം ചെലവഴിക്കുന്നത്. ഇതുമൂലം വീടുകൾക്ക് പുറത്തിറങ്ങാനോ ഉള്ളിൽക്കിടന്ന് ധെര്യമായി ഉറങ്ങാനോ പ്രദേശവാസികൾക്ക് സാധിയ്ക്കുന്നില്ല. ഏത് നിമിഷവും വീട് ആക്രമിച്ചേക്കാം എന്ന ഭീതിയിലാണിവർ. ലക്ഷക്കണക്കിന് രൂപയുടെ കാർഷിക വിളകൾ നശിപ്പിക്കപ്പെട്ടെങ്കിലും പ്രദേശത്തെ ഭൂമിക്ക് പട്ടയം ഇല്ലാത്തതിനാൽ നഷ്ടപരിഹാരം ലഭിക്കാറില്ല. കാട്ടാനശല്ല്യത്തെക്കുറിച്ച് വനപാലകരോട് പരാതിപ്പെട്ടിട്ടും പ്രയോജനമുണ്ടാകുന്നില്ലെന്നും നാട്ടുകാർ പറയുന്നു.