തൊടുപുഴ: പാലാ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ സമവായത്തിലൂടെ യു.ഡി.എഫ് തീരുമാനിക്കുന്ന സ്ഥാനാർത്ഥി നിഷ ജോസ് കെ. മാണി ആയാലും പിന്തുണയ്ക്കുമെന്ന് കേരള കോൺഗ്രസ് (എം) വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ്. തൊടുപുഴയിൽ ജോസഫ് വിഭാഗം സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിനു ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാലായിൽ വിജയസാദ്ധ്യതയുള്ള സ്ഥാനാർത്ഥിയെ യു.ഡി.എഫ് നിറുത്തും. കൂട്ടായ തീരുമാനത്തിലൂടെയായിരിക്കും ഇത്. പ്രവർത്തനങ്ങൾ സജീവമാക്കുന്നതിന്റെ ഭാഗമായി രാമപുരത്ത് ഇന്ന് കർഷക കൺവെൻഷൻ നടത്തും. ഓണം കഴിഞ്ഞ് ജില്ലകളിൽ നേതൃസംഗമങ്ങൾ ചേരാനും യോഗം തീരുമാനിച്ചു.

പാർട്ടി ചെയർമാന്റെ മരണശേഷമുള്ള ഒഴിവ് നികത്തുന്നതിൽ പക്വതയോടെയല്ല ജോസ് കെ. മാണി പെരുമാറിയത്. ഭരണഘടന വകവയ്‌ക്കാതെ വെറും മൂന്നര മിനിറ്റുകൊണ്ട് ജോസ്. കെ. മാണിയെ ആൾക്കൂട്ടം ചെയർമാനാക്കി. മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് കോടതി കണ്ടെത്തിയിട്ടും ചെയർമാനാണെന്നാണ് ജോസ് പറയുന്നത്. ജോസ്. കെ. മാണിയുടെ പക്വതയില്ലാത്ത നടപടികളാണ് പാർട്ടി ഒരുമിച്ചുപോകുന്നതിന് തടസം നിന്നതെന്നും ജോസഫ് പറഞ്ഞു. സി.എഫ്.തോമസ്, ജോയ് എബ്രഹാം, മോൻസ് ജോസഫ്, ടി.യു. കുരുവിള, തോമസ് ഉണ്ണിയാടൻ, കൊട്ടാരക്കര പൊന്നച്ചൻ, അറയ്ക്കൽ ബാലകൃഷ്ണപിള്ള, എം.ജെ. ജേക്കബ് തുടങ്ങിയവരും പങ്കെടുത്തു.

സ്ഥാനാർത്ഥിയെ നിശ്ചയിക്കാനും ചിഹ്നവും വിപ്പും നൽകാനുമുള്ള അധികാരം സ്റ്റിയറിംഗ് കമ്മിറ്റി യോഗം വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫിൽ നിക്ഷിപ്തമാക്കി. പാർട്ടി ഭരണഘടന അനുസരിച്ച് ചെയർമാനാണ് ചിഹ്നവും വിപ്പും നൽകാനുള്ള അധികാരം. കെ.എം. മാണി ചില ക്രമീകരണങ്ങളുടെ ഭാഗമായി തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഈ ചുമതല ജില്ലാ പ്രസിഡന്റുമാർക്ക് കൈമാറിയിരുന്നു. എന്നാൽ, ചില ജില്ലാ പ്രസിഡന്റുമാർ പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയ സാഹചര്യത്തിൽ ഈ അധികാരം ചെയർമാന്റെ ചുമതലയുള്ളയാൾ തിരികെയെടുക്കാൻ നേരത്തേ തന്നെ തീരുമാനിച്ചതാണ്.

96 അംഗ കമ്മിറ്റിയിൽ സസ്‌പെൻഷൻ നടപടി നേരിടുന്നവരെ യോഗത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു. അമ്പതോളം പേർ പങ്കെടുത്തെന്ന് ജോസഫ് അവകാശപ്പെട്ടു.