രാജാക്കാട്: മുതിരപ്പുഴയിലെ വെള്ളപ്പൊക്കത്തിൽ തകർന്ന പന്നിയാർകുട്ടി വള്ളക്കടവ് നടപ്പാലം നാട്ടുകാർ വീണ്ടും ഗതാഗത യോഗ്യമാക്കി. കഴിഞ്ഞ പ്രളയത്തിൽ തകർന്നതിനെ തുടർന്ന് ഇവർ തന്നെ നന്നാക്കിയ നടപ്പാലം ഇത്തവണത്തെ കുത്തൊഴുക്കിൽ ഒലിച്ചുപോയിരുന്നു. ഇതോടെ പോത്തുപാറയിലെ ഇരുന്നൂറോളം കുടുംബങ്ങൾ കടുത്ത യാത്രാദുരിതത്തിലായി. യാത്രയ്ക്കായി അഞ്ച് കിലോമീറ്ററിലധികം ചുറ്റി സഞ്ചരിക്കേണ്ട അവസ്ഥയാണുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം പഞ്ചായത്ത് അംഗം ആന്റോയുടെ നേതൃത്വത്തിൽ നാട്ടുകാർ സംഘടിച്ച് ചപ്പാത്തിന്റെ തൂണുകൾക്ക് മേൽ ഇല്ലിയും കമുകും മറ്റും വെട്ടി നിരത്തിയാണ് താത്കാലിക സംവിധാനം ഒരുക്കിയിരിക്കുന്നത്. ഏത് നിമിഷവും തകർന്ന് വീഴാവുന്ന ഇടുങ്ങിയ ചപ്പാത്തിലൂടെയാണ് പോത്തുപാറ പ്രദേശത്തെ കൊച്ചുകുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾ പന്നിയാർകൂട്ടി, അടിമാലി, എൻ.ആർ സിറ്റി, രാജാക്കാട് തുടങ്ങിയ സ്ഥലങ്ങളിലെ സ്‌കൂളുകളിലും കേളേജുകളിലും എത്തി പഠിയ്ക്കുന്നത്. നിത്യോപയോഗ സാധനങ്ങളും കാർഷികോത്പന്നങ്ങളും ഉൾപ്പെടെയുള്ളവ തലച്ചുമടായാണ് പ്രദേശത്ത് എത്തിയ്ക്കുന്നത്. ഗതാഗത യോഗ്യമായ റോഡ് ഇല്ലാത്തതിനാൽ രോഗികളും കടുത്ത ബുദ്ധിമുട്ടിലാണ്. മൂന്നാർ ഭാഗത്തെയും പൊന്മുടിയിലെയും ഡാമുകൾ ഒരേ സമയം തുറന്നുവിട്ടാൽ പുഴകളിൽ ജലനിരപ്പുയർന്ന് ചപ്പാത്ത് ഏത് നിമിഷവും തകരും.
നിരവധിപ്പേരുടെ ആശ്രയം
ഇടുക്കി, ഉടുമ്പൻചോല, ദേവികുളം എന്നീ നിയോജകമണ്ഡലങ്ങളും താലൂക്കുകളും, രാജാക്കാട്, കൊന്നത്തടി, വെള്ളത്തൂവൽ പഞ്ചായത്തുകളും വില്ലേജുകളും, മുതിരപ്പുഴയും പന്നിയാർ പുഴയും സംഗമിക്കുന്ന പ്രദേശമാണ് പന്നിയാർകുട്ടിയും പോത്തുപാറയും. വെള്ളത്തൂവൽ പഞ്ചായത്തിലെ പോത്തുപാറ, ഏൽക്കുന്ന ഭാഗങ്ങളിൽ ഉള്ളവർക്ക് മറുകരയിൽ കൊന്നത്തടി വില്ലേജിലൂടെ കടന്നു പോകുന്ന രാജാക്കാട്- അടിമാലി സംസ്ഥാന പാതയിൽ എത്താൻ ഇടുങ്ങിയ ഈ നടപ്പാലം മാത്രമാണുള്ളത്. ചപ്പാത്തിന്റെ സ്ഥാനത്ത് പന്നിയാർ പുഴയ്ക്ക് കുറുകെ ബലവത്തായ പാലം നിർമിക്കുമെന്ന നാട്ടുകാരുടെ ആവശ്യത്തിന് കുടിയേറ്റകാലത്തോളം പഴക്കമുണ്ട്.