soil-pipping

രാജാക്കാട് : ശാന്തൻപാറ പഞ്ചായത്തിലെ പൂപ്പാറ- മുള്ളൻതണ്ട് മലനിരയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്ന ഗർത്തത്തിന് കാരണം സോയിൽ പൈപ്പിംഗ്. കൂടുതൽ ശാസ്ത്രീയമായ പഠനം ആവശ്യമാണെന്നും എന്നാൽ ആശങ്കപ്പെടേണ്ടതില്ലെന്നും ഇന്നലെ ഉച്ചകഴിഞ്ഞ് സ്ഥലം സന്ദർശിച്ച ജില്ലാ ജിയോളജിസ്റ്റ് ഡോ. ബി. അജയകുമാർ. ഉദ്യോഗസ്ഥ സംഘം മുള്ളൻതണ്ട് മലമുകളിൽ റോഡരികിലെ ഗർത്തവും മലയടിവാരത്ത് വെള്ളം പുറത്തേയ്ക്ക് ഒഴുകുന്ന സ്ഥലങ്ങളും സന്ദർശിച്ചു. വർഷങ്ങളായി നടന്നുകൊണ്ടിരിക്കുന്ന സോയിൽ പൈപ്പിംഗ് എന്ന പ്രതിഭാസത്തെ തുടർന്നാണ് ഗർത്തം പുറമെ ദൃശ്യമായിരിക്കുന്നത്. മൂന്നര മീറ്ററോളം ആഴമുള്ള ഗർത്തത്തിന്റെ അടിയിൽ വെള്ളം ഒഴുകുന്ന തുരങ്കം ഉള്ളതായും സംഘം കണ്ടെത്തി. മലമുകളിൽ കിഴക്കുപടിഞ്ഞാറ് ദിശയിലാണ് വെള്ളം ഒഴുകുന്ന ടണലിന്റെ തുടക്കം. മുൻ വർഷങ്ങളിലും ഇത്തരം പൈപ്പുകളും നീരൊഴുക്കും ഉണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ വർഷത്തെ തുടർച്ചയായ മഴയിൽ ഇത് പുറമെ തെളിഞ്ഞു എന്നേയുള്ളു. സമീപ പ്രദേശത്ത് മറ്റിടങ്ങളിലും സോയിൽ പൈപ്പിംഗ് ഉള്ളതായും സംഘം കണ്ടെത്തിയിട്ടുണ്ട്. ശേഖരിച്ച വിവരങ്ങൾ അപഗ്രഥിച്ച ശേഷം തുടർ നടപടികൾ സ്വീകരിക്കും. മഴ തുടരുന്ന പക്ഷം പ്രദേശവാസികൾ ജാഗ്രത പാലിയ്ക്കണമെന്നും സംഘം നിർദ്ദേശിച്ചു. കേന്ദ്ര ഏജൻസികളെ കൊണ്ട് കൂടുതൽ ശാസ്ത്രീയമായ പഠനം നടത്തിക്കേണ്ടതുണ്ടെന്നും സന്ദർശന റിപ്പോർട്ട് ഉടൻ തന്നെ ജില്ലാ കളക്ടർക്ക് സമർപ്പിക്കുമെന്നും ഡോ. ബി അജയകുമാർ പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ്, വാർഡ് മെമ്പർ ലിജു വർഗീസ് തുടങ്ങിയ പൊതുപ്രവർത്തകർ സംഘത്തെ അനുഗമിച്ചു.