കുമളി: കുടുംബവഴക്കിനെ തുടർന്ന് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച യുവാവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴുത്തിൽ കുരിക്കിട്ട ശേഷം വീടിന്റെ മുകളിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു. കുമളി അട്ടപ്പള്ളം സ്വദേശി മാർട്ടിനെയാണ് (30) ഗുരുതര പരുക്കുകളോടെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം. വ്യാഴാഴ്ച രാവിലെ മാർട്ടിൻ അട്ടപ്പള്ളത്ത് നിന്ന് അമരാവതിയിലെ ഭാര്യ വീട്ടിലെത്തി ബഹളം വെച്ചിരുന്നു. ബഹളം തുടർന്നതോടെ ഭാര്യ വീട്ടുകാർ പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നെങ്കിലും പിന്മാറാൻ തയ്യാറായില്ല. ബഹളം ശക്തമായി തുടർന്നതോടെ ഭാര്യാ വീട്ടുകാർ പൊലീസിൽ വിവരമറിയിച്ചു. സംഭവം അറിഞ്ഞതോടെ കുമളി എസ്.ഐ പ്രശാന്ത് പി. നായരുടെ നേതൃത്വത്തിലുള്ള സംഘം ബഹളം നടക്കുന്ന വീട്ടിലേക്ക് പാഞ്ഞെത്തി. പൊലീസിനെ കണ്ട് മുറ്റത്തു നിൽക്കുകയായിരുന്ന മാർട്ടിൻ വീടിന്റെ രണ്ടാം നിലയിലേക്ക് ഓടിക്കയറി. തുടർന്ന് ഇവിടെയുണ്ടായിരുന്ന മേശപ്പുറത്തു കയറി ഉടുത്തിരുന്ന മുണ്ട് അഴിച്ചെടുത്ത് മേൽക്കൂരയിലുള്ള കൊളുത്തിൽകെട്ടി. തുടർന്ന് മുണ്ടിന്റെ മറ്റേ അറ്റമടുത്ത് ഇയാൾ കഴുത്തിൽ കെട്ടിയശേഷം വീടിനു മുകളിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു. പൊലീസ് സംഘം വീടിനു മുകളിലെത്തി കെട്ടറുത്ത് വിട്ടതോടെ ഇയാൾ നിലത്തേക്ക് വീണു. ചാട്ടത്തിന്റെ ആഘാതത്തിൽ കുരുക്ക് കഴുത്തിൽ കുരുങ്ങിയാണ് സാരമായി പരിക്കേറ്റത്. പരിക്ക് ഗുരുതരമായതിനാൽ വിദഗ്ദ്ധ ചികിത്സയ്ക്കായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.