മറയൂർ: ഇടവിട്ട് പെയ്യുന്ന മഴ മൂലം മൂന്നാർ മറയൂർ സംസ്ഥാന പാതയിൽ പെരിയവരൈ താൽക്കാലിക പാലത്തിന്റെ അറ്റകുറ്റപ്പണികൾ നീളുന്നു. ഇതോടെ ഗതാഗത നിയന്ത്രണത്തിനാൽ അഞ്ചുനാട് മേഖലയിൽ ദുരിതമേറുന്നു. ശനിയാഴ്ച പാലത്തിന്റെ പണി പൂർത്തികരിച്ച് വാഹനങ്ങൾ കടത്തിവിടാമെന്ന് പ്രതീക്ഷയിലായിരുന്നു പൊതുമരാമത്ത് വകുപ്പ് അധികൃതർ. എന്നാൽ വെള്ളിയാഴ്ചയും ശനിയാഴ്ചയും ഈ മേഖലയിൽ മഴ പെയ്തതിനാൽ പണി പൂർത്തികരിക്കുന്നതിന് കഴിയാതെ വരികയായിരുന്നു.മറയൂർ, കാന്തല്ലൂർ മേഖലയിലുള്ളവർ മൂന്നാർ, അടിമാലി മേഖലയിലേക്ക് എത്തണമെങ്കിൽ ഏറെ ക്ലേശമനുഭവിക്കേണ്ടി വരുന്നു. മറയൂർ വഴിയുള്ള മൂന്നാർ ഉടുമലൈ, പഴനി എന്നിവിടങ്ങളിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസ്സുകളുടെ മുഴുവൻ സർവ്വീസുകളും നിർത്തിയിരിക്കുകയാണ്. പാലത്തിലൂടെയുള്ള ഗതാഗതം പൂർണ്ണമായി നിരോധിച്ച സമയത്ത് ഈ ബസുകൾ മുഴുവൻ മൂന്നാർ ഭാഗത്ത് പാലത്തിനിക്കരെ ആയിരുന്നു. ഇപ്പോൾ തമിഴ്‌നാട് സർക്കാർ വക ബസ്സും ഒരു സ്വകാര്യ ബസ്സും മാത്രമാണ് സർവ്വീസ് നടത്തി വരുന്നത്.ജീപ്പുകൾ ട്രിപ്പടിക്കുന്നുണ്ടെങ്കിലും അമിതമായി യാത്രക്കാരെ കയറ്റുന്നതും അമിത നിരക്ക് വാങ്ങുന്നതിനാലും യാത്ര ദുരിത പൂർണ്ണമാണ്. മറയൂരിൽ നിന്നും തെൻമല എസ്റ്റേറ്റ് വഴി മൂന്നാറിലേക്ക് വരുവാൻ കഴിയുമെങ്കിലും ദുർഘടമായ പാതയാണ്. മറയൂർ കാന്തല്ലൂർ മേഖലയിലേക്ക് റേഷനരി അടക്കമുള്ള അവശ്യസാധനങ്ങൾ കൊണ്ടുവരുവാനും കഴിയാത്ത സാഹചര്യമാണ് നിലവിൽ ഉള്ളത്.തമിഴ്‌നാട്ടിൽ നിന്നും പലചരക്ക്, പച്ചക്കറി മൂന്നാർ മേഖലയിലേക്ക് കൊണ്ടു വരുന്നതും ഈ പാതയിലൂടെയാണ്.ഇതും നിലച്ചിരിക്കുകയാണ്.
പെരിയവരൈ താൽക്കാലിക പാലത്തിന്റെ അറ്റകുറ്റപ്പണികൾ നടക്കുന്നു