ഇടുക്കി : തട്ടേക്കണ്ണി കൊടക്കല്ല് ഭാഗത്ത് വനഭൂമിയോട് ചേർന്ന് താമസിച്ചുവരുന്ന കുടുംബങ്ങൾക്ക് വനംവകുപ്പ് നൽകിയ നോട്ടീസ് പിൻവലിക്കണമെന്ന് റോഷി അഗസ്റ്റിൻ എം.എൽ.എ. ആവശ്യപ്പെട്ടു. 50 വർഷത്തിലേറെയായി കുടിയേറി കൃഷി ചെയ്ത് ഉപജീവനം നടത്തുന്നതും വീടുവെച്ച് സ്ഥിരതാമസക്കാരുമായ 12 കുടുംബങ്ങൾക്കാണ് ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകൾ ഹാജരാക്കണമെന്നും അല്ലാത്തപക്ഷം നിയമനടപടി സ്വീകരിക്കുമെന്ന് കാണിച്ച് നേര്യമംഗലം റേഞ്ച് ഓഫീസർ നോട്ടീസ് നൽകിയിരിക്കുന്നത്.
പഞ്ചായത്തിന്റെ ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുന്ന വീടും സ്വന്തമായി വർഷങ്ങൾക്കുമുൻപ് നിർമ്മിച്ച കോൺക്രീറ്റ് വീടുകളും പട്ടികജാതി വിഭാഗത്തിൽപ്പെടുന്ന കുടുംബങ്ങളും വർഷങ്ങളായി താമസിച്ചുവരുന്ന പ്രദേശമാണിത്. കൃഷിഭൂമിക്ക് അരനൂറ്റാണ്ടിലേറെ കാലപ്പഴക്കമുള്ളതും കൈമാറ്റം ചെയ്തുവന്ന ഭൂമിയും ഉൾപ്പെടുന്ന കാർഷികമേഖലയിലാണ് നോട്ടീസ് നൽകിയിരിക്കുന്നു. വനംവകുപ്പിന്റെ നടപടികൾ നിർത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് എം.എൽ.എ. വനം മന്ത്രിക്ക് കത്തുനൽകി.