തൊടുപുഴ: വീടിനു സമീപമുള്ള കുളത്തിൽ പെൺകുട്ടി മുങ്ങിമരിച്ച സംഭവത്തിൽ കട്ടപ്പന പൊലീസ് ഇൻസ്‌പെക്ടർ നടത്തുന്ന പുനരന്വേഷണം എത്രയും വേഗം പൂർത്തിയാക്കി കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്. അന്വേഷണം സത്യസന്ധവും നിഷ്പക്ഷവുമായി നടത്തണം. ഇടുക്കി ചെല്ലാർകോവിൽ സ്വദേശിനി രാമത്തായി സമർപ്പിച്ച പരാതിയിലാണ് നടപടി. രാമത്തായിയുടെ മകൾ അമ്മുവാണ് മരിച്ചത്. അമ്മുവിന്റെ മരണം ആത്മഹത്യയാണെന്ന് വണ്ടൻമേട് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. എന്നാൽ മകളുടെ മരണത്തിൽ നാട്ടുകാരനായ യുവാവിന് ബന്ധമുണ്ടെന്ന് അമ്മ ആരോപിച്ചു. ഇക്കാര്യത്തിൽ പുനരന്വേഷണം വെണമെന്നാണ് പരാതിക്കാരിയുടെ ആവശ്യം. ഇത് സംബന്ധിച്ച് പൊലീസിന് നൽകിയ പരാതിയിൽ ശരിയായ അന്വേഷണം നടക്കുന്നില്ലെന്നാരോപിച്ചാണ് പരാതിക്കാരി കമ്മിഷനെ സമീപിച്ചത്.