തൊടുപുഴ: എൻ.എച്ച് 183ൽ മുണ്ടക്കയം മുതൽ കുമളി വരെയും, എൻ.എച്ച് 185ൽ അടിമാലി മുതൽ ചെളിമട വരെയും, എൻ.എച്ച് 85ൽ ബോഡിമെട്ട് മുതൽ പെരുവംമൂഴി പാലം വരെയുമുള്ള ഭാഗങ്ങളിലെ അടഞ്ഞുകിടക്കുന്ന കലുങ്കുകൾ തുറക്കാനും ഓടകൾ വൃത്തിയാക്കാനും അടിയന്തര നടപടി സ്വീകരിക്കാൻ ഡീൻ കുര്യാക്കോസ് എം.പി നിർദ്ദേശിച്ചു. ഇടുക്കി പാർലമെന്റ് മണ്ഡലത്തിലെ ദേശീയപാതകളുടെ വികസനത്തെക്കുറിച്ച് ചർച്ച ചെയ്യാൻ തൊടുപുഴ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ ചേർന്ന ദേശീയപാത വിഭാഗം എൻജിനീയർമാരുടെ യോഗത്തിലാണ് എം.പിയുടെ നിർദേശം. വിവിധ ഭാഗങ്ങളിൽ ദേശിയപാതയുടെ അരികിൽ വളർന്ന കാടുകൾ നീക്കം ചെയ്യുന്നതിനും ഈ പ്രവൃത്തികൾ അടിയന്തരമായി പൂർത്തീകരിക്കുന്നതിനും തീരുമാനിച്ചു. നിലവിൽ ദേശിയപാതകളിൽ നടന്നു വരുന്ന എല്ലാ പ്രവർത്തികളും വേഗത്തിലാക്കുന്നതിനും പ്രളയാനന്തര പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും യോഗം തീരുമാനിച്ചു. ദേശിയപാത 85 ൽ പൂപ്പാറ ജംങ്ഷനിൽ ഹാരിസൺ മലയാളം പ്ലാന്റേഷൻ കമ്പനിയുമായി നിലനിൽക്കുന്ന തർക്കം പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ദേശിയപാത അധികൃതരോട് എം.പി നിർദ്ദേശിച്ചു. എം.പി. നേരിട്ട് മാനേജ്‌മെന്റുമായി ചർച്ച ചെയ്ത് സമവായത്തിലെത്താനും അല്ലാത്ത പക്ഷം ആവശ്യമായ നിയമ നടപടികളുമായി മുന്നോട്ടു പോകാനും തീരുമാനിച്ചു.