robin

കട്ടപ്പന: യുവതിയുടെ നഗ്‌നചിത്രം ഭർത്താവിനും ബന്ധുക്കൾക്കും ഡിവൈ. എസ്. പിക്കും അയച്ച യുവാവ് റിമാന്റിൽ. കാഞ്ചിയാർ പേഴുംകണ്ടം കുമ്പളാന്തനത്ത് റോബിൻ(44) ആണ് അറസ്റ്റിലായത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങിനെ: കാറ്ററിംഗ് സർവീസ് ജീവനക്കാരനായ റോബിന് വിവാഹിതയായ യുവതിയുമായി അടുപ്പത്തിലായി. അടുപ്പം മുതലെടുത്ത് യുവതിയുടെ നഗ്‌ന ചിത്രംകെക്കലാക്കി. ഈ ചിത്രം റോബിൻ യുവതിയുടെ ഭർത്താവിനും ബന്ധുവിനും തപാൽ വഴി അയച്ചു കൊടുത്തു. യുവതിയുമായി അവിഹിത ബന്ധമുള്ള അദ്ധ്യാപകന്റെ ഭാര്യ അയയ്ക്കുന്ന കത്ത് എന്ന പേരിലാണ് അയച്ചിരുന്നത്. ഇതിനിടെ യുവതിയുടെ നഗ്‌ന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡും യുവതിയുടെ വിശദാംശങ്ങളടങ്ങിയ കത്തും കട്ടപ്പന ഡിവൈ.എസ്.പി. എൻ.സി.രാജ് മോഹനും ലഭിച്ചു. തുടർന്ന് നടന്ന അന്വേഷണത്തിൽ റോബിനെ സംശയം തോന്നിയതിനെ തുടർന്ന് പൊലീസ് സ്റ്റേഷനിലേയ്ക്ക് വിളിച്ചു വരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കൂടുതൽ ശാസ്ത്രീയ അന്വേഷണങ്ങൾക്കായി കത്തും മെമ്മറി കാർഡും ഫോറൻസിക് വിഭാഗത്തിന് കൈമാറി. കട്ടപ്പന കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.