കുമളി: വരുംതലമുറകൾ ചരിത്രം ഉൾകൊണ്ട് പ്രവർത്തിക്കണമെന്ന് എസ്.എൻ.ഡി.പി യോഗം ലീഗൽ അഡ്വൈസർ അഡ്വ. എ.എൻ. രാജൻബാബു പറഞ്ഞു. പീരുമേട് യൂണിയന്റെ നേതൃത്വത്തിൽ യൂത്ത്മൂവ്‌മെന്റ് നടത്തിയ ഏകദിന സെമിനാർ 'യുവഭേരി"യുടെ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ. പൽപ്പു, കുമാരനാശൻ തുടങ്ങിയ പ്രമുഖർ യൗവനകാലഘട്ടത്തിലാണ് മഹത്തായ സംഭാവനങ്ങൾ നൽകിയതെന്ന് അദ്ദേഹം പറഞ്ഞു. ഒന്നാംമൈൽ സഹ്യജ്യോതി കോളേജ് ആഡിറ്റോറിയത്തിൽ രാവിലെ 10ന് പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപി വൈദ്യർ ഭദ്രദീപം തെളിച്ചു. പീരുമേട് യൂണിയൻ യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് വിനോദ് ഗോപി അദ്ധ്യക്ഷത വഹിച്ചു. യോഗം കൗൺസിലർ പി.ടി. മന്മഥൻ 'എസ്.എൻ.ഡി.പി യോഗവും യുവജനങ്ങളും" എന്ന വിഷയത്തിൽ ക്ലാസെടുത്തു. ഈഴവ യുവാക്കൾ സമൂഹത്തിലെ ചതിക്കുഴികൾ മനസിലാക്കി വിവിധ പാർട്ടികളുടെ ചട്ടുകങ്ങൾ ആകാതെ തിരിച്ചറിവുള്ള യുവാക്കളായി തീരണമെന്ന് അദ്ദേഹം പറഞ്ഞു. ഉച്ചയ്ക്ക് ശേഷം നടന്ന പൊതുസമ്മേളനത്തിൽ പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപി വൈദ്യർ അദ്ധ്യക്ഷത വഹിച്ചു. യോഗം ലീഗൽ അഡ്വൈസർ അഡ്വ. എ.എൻ. രാജൻബാബു ഉദ്ഘാടനം ചെയ്തു. യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് വിനോദ് ഗോപി സ്വാഗതവും യൂണിയൻ സെക്രട്ടറി കെ.പി. ബിനു സംഘടനാ സന്ദേശവും നൽകി. ശിവഗിരിമഠം ഗുരുപ്രകാശ സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തി. യൂത്ത്മൂവ്മെന്റ് സെക്രട്ടറി സുനീഷ് വലിയ പുരയ്ക്കൽ യുവജന സന്ദേശം നൽകി. യൂത്ത്മൂവ്മെന്റ് കേന്ദ്രസമിതി അംഗം അജേഷ് ഏലപ്പാറ, യൂണിയൻ കൺസിലർമാരായ പി.കെ. വിജയൻ, കെ. ഗിരീഷ്, പി.കെ. ബിജു, പി.എസ്. ചന്ദ്രൻ, പി.വി. സന്തോഷ്, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം ഇ.എൻ. കേശവൻ, നിയുക്ത ഡയറക്ടർ ബോർഡ് അംഗം സലികമാർ, യൂത്ത് മൂവ്മെന്റ് വൈസ് പ്രസിഡന്റ് പി.ടി. മനു, ജോയിന്റ് സെക്രട്ടറി രാഹുൽ രാജ്, അശ്വിൻ രാജ്, സൈബർ സേന യൂണിയൻ ചെയർമാൻ ഷിബു മുതലക്കുഴി എന്നിവർ പങ്കെടുത്തു.