ചെറുതോണി : കഴിഞ്ഞ 32 വർഷമായി ചേലച്ചുവട് ബസ് സ്റ്റാൻഡിനു സമീപം പ്രവർത്തിച്ചുവരുന്ന കഞ്ഞിക്കുഴി പഞ്ചായത്തിലെ 60-ാം നമ്പർ അംഗൻവാടിയിൽ രാത്രികാലങ്ങളിലെത്തുന്ന സാമൂഹ്യവിരുദ്ധർ അഴിഞ്ഞാടുന്നതായി പരാതി. സ്‌കൂൾ പൂട്ടി ടീച്ചറും ഹെൽപ്പറും പോയി പിറ്റേന്ന് രാവിലെ എത്തുമ്പോൾ ഒഴിഞ്ഞ മദ്യക്കുപ്പികളും മാലിന്യങ്ങളും വാരിവിതറിയ ചപ്പുചവറുകളും കാണും. അംഗൻവാടിക്ക് ചുറ്റുമതിൽ ഇല്ലാത്തത് ഇവർക്ക് കൂടുതൽ സൗകര്യമൊരുക്കുന്നു. മദ്യപിച്ച് സമനിലതെറ്റുന്നവർ കെട്ടിടത്തിന്റെ ജനലുകളും വാതിലുകളും തല്ലിപ്പൊട്ടിക്കുന്നതിനും ശ്രമം നടത്താറുണ്ട്. അംഗൻവാടിയോട് ചേർന്ന് സ്ഥാപിച്ചിരിക്കുന്ന ജലസംഭരണി മലിനാക്കുമോയെന്നും അദ്ധ്യാപകർക്ക് ഭയമുണ്ട്. ഇടുക്കി കഞ്ഞിക്കുഴി പൊലീസിൽ പരാതിനൽകിയെങ്കിലും യാതൊരു നടപടിയുമുണ്ടായില്ലെന്നും ആക്ഷേപമുണ്ട്. അംഗൻവാടിയോട് ചേർന്ന് ചുറ്റും കാടുപിടിച്ച് ഇഴജന്തുക്കളുടെ താവളമായ ബി.എസ്.എൻ.എൽ ടവർ പിഞ്ചുകുട്ടികൾക്ക് ഭീഷണിയാണ്. രണ്ടും മൂന്നും വർഷം കൂടുമ്പോഴാണ് ബന്ധപ്പെട്ടവർ ടവറിന്റെ പരിസരം തെളിക്കുന്നത്. തുടർച്ചയായ പരാതിയെ തുടർന്നാണ് കഴിഞ്ഞ ദിവസം ടവറിന്റെ പരിസരം തെളിക്കാൻ തയ്യാറായത്. അംഗൻവാടിയിൽ നടക്കുന്ന സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം എത്രയും വേഗം നിയന്ത്രിക്കാൻ ഇടുക്കി കഞ്ഞിക്കുഴി പൊലീസ് തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.