ramayya

മറയൂർ: ആട്ടോറിക്ഷ ഇടിച്ച ശേഷം നിറുത്താതെ പോയ സംഭവത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന വ്യാപാരി മരിച്ചു. കാന്തല്ലൂർ ദണ്ഡുക്കൊമ്പ് സ്വദേശിയും കോവിൽക്കടവ് ചന്തയിലെ പഴം പച്ചക്കറി വ്യാപാരിയുമായ രാമയ്യയാണ് (64) കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ മരിച്ചത്. 18ന് വൈകിട്ട് എട്ടരയ്ക്ക് വ്യാപാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന രാമയ്യയെ അമിതവേഗത്തിലെത്തിയ ആട്ടോറിക്ഷ ഇടിച്ചുതെറിപ്പിച്ച ശേഷം നിറുത്താതെ ഓടിച്ച് പോവുകയായിരുന്നു. ഇടിച്ചു വീഴ്ത്തിയ ശേഷം നിറുത്താതെ പോയ ആട്ടോറിക്ഷ മറയൂർ മേലാടി സ്വദേശിയുടെ വീട്ടിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിൽ എത്തിച്ചു. ശബ്ദം കേട്ടെത്തിയ സമീപവാസികളും ആട്ടോറിക്ഷ ഡ്രൈവർമാരുമാണ് സഹായഗിരി ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയത്. പിന്നീട് കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ എത്തിക്കുകയുമായിരുന്നു. അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച പുലർച്ച മരിക്കുകയായിരുന്നു. മറയൂർ പൊലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റുമാർട്ടത്തിന് ശേഷം ദണ്ഡുക്കൊമ്പിൽ എത്തിച്ച് സംസ്‌കരിച്ചു. ഭാര്യ: ചിന്താമണി. മക്കൾ: ധനലക്ഷ്മി, രാധിക. മരുമക്കൾ: കലൈമണി, അരുൾ.