chappath

രാജാക്കാട് : കുന്നുകുഴിപ്പടി റോഡിലെ ചപ്പാത്ത് ഉയരംകൂട്ടി പുതിക്കിപ്പണിയണമെന്ന ആവശ്യം ശക്തമാകുന്നു. മഞ്ഞക്കുഴി തോടിന് കുറുകെയാണ് തീർത്തും ഉയരം കുറഞ്ഞ പാലം. തോട്ടിൽ ജലനിരപ്പ് ഉയരുന്നതോടെ ചപ്പാത്തിൽ വെള്ളം കയറി ഒഴുകുന്നതിനാൽ മറുകരയിൽ താമസിക്കുന്ന നൂറോളം കുടുംബങ്ങൾ ദുരിതത്തിലായി. കഷ്ടിച്ച് ഒരു വാഹനത്തിന് കടന്നുപോകുന്നതിനുള്ള വീതി മാത്രമേ ഇതിനുള്ളു. കൈവരികളുമില്ല.
കുന്നുകുഴി പ്രദേശത്തെ ആളുകൾക്ക് രാജകുമാരിയിൽ എത്തുന്നതിനുള്ള ഏക മാർഗ്ഗമാണിത്. കൈവരികൾ ഇല്ലാത്തതിനാൽ മഴക്കാലത്ത്തോ ടും പാലവും തമ്മിൽ തിരിച്ചറിയാനാകാത്ത സ്ഥിതിയുണ്ട്. മഴക്കാലം തുടങ്ങുന്നതോടെ ഇതിലൂടെ ജീവൻ പണയപ്പെടുത്തി മറുകര കടക്കേണ്ടി സ്ഥിതിയാണ്. കൊച്ചു കുട്ടികൾ ഉൾപ്പെടെയുള്ളവർ രാജകുമാരിയിലെയും, രാജാക്കാട്ടെയും സ്‌കൂളുകളിലും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പോകുന്നത് ഇതിലൂടെയാണ്. പ്രളയകാലത്തും, ഈ മഴക്കാലത്തും വെള്ളം കയറിയതു മൂലം നിരവധി ദിവസം ഇതുവഴിയുള്ള യാത്ര മുടങ്ങിയിരുന്നു. വിദ്യാർത്ഥികളുടെ പഠനം പോലും ഇതുമൂലം ദിവങ്ങളോളം മുടങ്ങി. ഒരു വാഹനത്തിനു മാത്രം കടന്നുപോകുവാൻ വിതിയുള്ള നടപ്പാലത്തിന് പകരം ഗതാഗത യോഗ്യമായ പുതിയ പാലം നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.