തൊടുപുഴ: അരീപ്ലാവൻ ഫൈനാൻസ് ഉടമ സിബി തോമസിന്റെ കടക്കെണിയിൽപ്പെട്ട മുഴുവൻ ഇരകൾക്കും നീതി കിട്ടും വരെ പ്രക്ഷോഭം നടത്താൻ ബ്ലേഡ് മാഫിയാ വിരുദ്ധ സമിതി നേതൃത്വത്തിൽ തൊടുപുഴയിൽ ചേർന്ന സമര പ്രഖ്യാപന കൺവെൻഷനിൽ തീരുമാനിച്ചു. സമരത്തിന്റെ ആദ്യ ഘട്ടമായി സെപ്തംബർ രണ്ടാം വാരം ഇരകളുടെയും വിവിധ സാമൂഹ്യ സാംസ്‌കാരിക സംഘടനകളുടെയും പൊതു പ്രവർത്തകരുടെയും സംയുക്ത പങ്കാളിത്തത്തോടെ തൊടുപുഴ ഇൻകംടാക്സ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തും. ജയിംസ് കോലാനി അദ്ധ്യക്ഷത വഹിച്ച സമ്മേളനം പരിസ്ഥിതി പ്രവർത്തകൻ എൻ.യു. ജോൺ ഉദ്ഘാടനം ചെയ്തു. എം.കെ. വേണുഗോപാൽ സമര പ്രഖ്യാപനം നടത്തി. കെ.എം. സാബു, അനീഷ് പാൽക്കോ, ഇ.എൻ. ചന്ദ്രബോസ്, പി.ഡി. ജോസ്, ശശികുമാർ കിഴക്കേടം, സിറിൾ മുട്ടം എന്നിവർ സംസാരിച്ചു.