തെടുപുഴ : തേനീച്ച കർഷകർ വൻ പ്രതിസന്ധി നേരിടുകയാണെന്ന് കോഡ്സ് സെക്രട്ടറി ടി.​കെ. രവീന്ദ്രൻ പറഞ്ഞു. കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിട്ടിയുടെ പുതിയ നിയമപ്രകാരം തേനിന്റെ ജലാംശം 25 ശതമാനത്തിൽ നിന്ന് 20 ശതമാനമായി നിജപ്പെടുത്തിയത് കേരളത്തിലെ തേനീച്ച കർഷകർക്ക് വൻ തിരിച്ചടിയാണ്.​ കേരളത്തിലെ തനത് തേനിന്റെ ശരാശരി ജലാംശം 22 ശതമാനം മുതൽ 25 ശതമാനം വരെ ആയിരിക്കെ അത് 20 ശതമാനമാക്കി നിജപ്പെടുത്തുക വഴി കേരളത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന മികച്ച രുചിയും ഉന്നത ഗുണനിലവാരവുമുള്ള തേൻ ഇതുമൂലം വിപണിയിൽ നിന്ന് ഒഴിവാക്കപ്പെടും. ജലാംശം കൂടുതലുള്ള തേൻ വിറ്റെന്ന പേരിൽ അറക്കുളം സ്വദേശി നിബി കൊട്ടാരത്തിന് അഞ്ച് ലക്ഷം രൂപ വരെ പിഴ ലഭിക്കാവുന്ന കുറ്റം ചുമത്തി ഭക്ഷ്യസുരക്ഷാ അതോറിട്ടി നോട്ടീസ് അയച്ചു. തേനീച്ച കർഷരെയും ചെറുകിട തേൻ വ്യാപാരികളെയും ഇല്ലാതാക്കുന്ന നടപടിക്കെതിരെ പ്രതികരിക്കാൻ തൊടുപുഴ വിനായക ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. യോഗത്തിൽ ഇടുക്കി,​ കോട്ടയം,​ എറണാകുളം ജില്ലകളിലെ തേനീച്ച കർഷകർ പങ്കെടുത്തു. റോബിൻ പടവൻ അദ്ധ്യക്ഷത വഹിച്ചു. കോഡ്സ് പ്രസിഡന്റ് ടി.കെ. രവീന്ദ്രൻ,​ പ്രൊഫ. ഡോ. സാജൻ ജോസ്,​ ജിജി കളപ്പുര,​ നിബി കൊട്ടാരം എന്നിവർ പ്രസംഗിച്ചു. തേനീച്ച കർഷകരുടെ പ്രതിസന്ധിയിൽ കൃഷിമന്ത്രിക്കും ബന്ധപ്പെട്ട അധികാരികൾക്കും നിവേദനം നൽകാൻ തീരുമാനിച്ചു.