മുട്ടം: ആദിവാസി ഊരിലേക്ക് ആഹാരസാധനങ്ങളുമായി പോയ സംസ്ഥാന ട്രൈബൽ അഡ്വൈസറി കമ്മിറ്റി അംഗം കെ.എസ്. രാജനെയും ഊരുമൂപ്പൻ എം.ഐ. ശശീന്ദ്രനെയും നഗരംപാറ ഫോറസ്റ്റ് റേഞ്ച് ഓഫീസർ തടഞ്ഞതായി പരാതി. കപ്പക്കാനം- ഉറുമ്പള്ള് ഊരിൽ പ്രളയത്തിലും പേമാരിയിലും ഒറ്റപ്പെട്ട് ദുരിതം അനുഭവിക്കുന്ന ആദിവാസികൾക്ക് ആഹാരസാധനങ്ങൾ എത്തിച്ചു കൊടുക്കുന്നതിന് കുളമാവിൽ നിന്ന് കോട്ടമല പഞ്ചായത്ത് റോഡിലൂടെ കപ്പക്കാനം- ഉറുമ്പള്ള് ഊരിലേക്ക് ജീപ്പിൽ പോകുമ്പോൾ കലംകമഴ്ത്തിയിൽ വച്ച് നഗരംപാറ ഫോറസ്റ്റ് റേഞ്ച് ഓഫിസർ ആർ. ഹരികുമാറും രണ്ടു ജീപ്പുകളിൽ എത്തിയ മറ്റ് ചില വനം വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് വാഹനം റോഡിന് കുറുകെ ഇട്ട് വഴിയിൽ തടയുകയായിരുന്നു. പെരുമഴയിൽ മണിക്കൂറുകളോളം റോഡിൽ തടഞ്ഞു വച്ചു. ഇവരെ കാണാതിരുന്നതിനെ തുടർന്ന് കപ്പക്കാനം ഊരുമൂപ്പനും ഏതാനും ആദിവാസികളും ആറു കിലോമീറ്ററോളം നടന്ന് തടഞ്ഞു നിറുത്തിയ സ്ഥലത്തെത്തി. വിവരമറിഞ്ഞെത്തിയ കുളമാവ് പൊലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടെയാണ് ഇവർ മുന്നോട്ടു പോയത്. സമയം വൈകിയതിനാൽ പാകം ചെയ്ത ആഹാര സാധനങ്ങൾ ഊരിലെത്തിച്ചപ്പോൾ കേടായി. 30,​000 രൂപ മുടക്കി തയ്യാറാക്കിയ ആഹാര സാധനങ്ങളാണ് ഊരിലെത്തിക്കാനാവാതെ നഷ്ടമായത്. കുളമാവ്- കോട്ടമല പഞ്ചായത്ത് റോഡിൽ അനധികൃതമായി തടഞ്ഞതിനു കെ.എസ്. രാജൻ കുളമാവ് പൊലീസിൽ പരാതി നൽകി.