തൊടുപുഴ: ഒരു വർഷത്തിലേറെയായി പൊട്ടിപ്പൊളിഞ്ഞ് യാത്രാദുരിതം രൂക്ഷമായിരുന്ന പാറ- നാഗപ്പുഴ റോഡ് ബി.എം.സി നിലവാരത്തിൽ ടാർ ചെയ്യാൻ അനുമതി. നിലവിലുള്ള ഭാഗം വീതികൂട്ടി ഒക്ടോബറിൽ റീടാർ ചെയ്യും. റോഡിന് ഇരുവശങ്ങളിലുമുള്ള ചെളിയും മണ്ണും നീക്കി വീതികൂട്ടുന്ന ജോലികൾ ആരംഭിച്ചു. പാറയിൽ നിന്ന് നാഗപ്പുഴയ്ക്ക് സമീപം പാലക്കുഴ കലുങ്ക് വരെയാണ് ഇടുക്കി ജില്ലയുടെ അതിർത്തി. തുടർന്നങ്ങോട്ട് എറണാകുളം ജില്ലയുടെ ഭാഗമാണ്. മൂവാറ്റുപ്പുഴ കലൂർക്കാട്, നാഗപ്പുഴ, തൊടുപുഴ മേഖലകളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്. പൈങ്കുളം മാനസികാരോഗ്യ കേന്ദ്രം, ശിശുക്ഷേമ സമിതിയുടെ മദർ ആൻഡ് ചൈൽഡ് ഫൗണ്ടേഷൻ, പൈങ്കുളം എൽ.പി, ഹൈസ്‌കൂൾ, മൈലക്കൊമ്പ്, നാഗപ്പുഴ പള്ളി, നാഗപ്പുഴ ക്ഷേത്രം, സ്‌കൂൾ, വെമ്പിള്ളി ആശുപത്രി തുടങ്ങിയ നിരവധിയായ സ്ഥാപനങ്ങളാണ് ഈ റൂട്ടിൽ സ്ഥിതി ചെയ്യുന്നത്. ഇവിടങ്ങളിലേയ്ക്കും തൊടുപുഴ, മൂവാറ്റുപ്പുഴ ടൗണിലേയ്ക്കും പോകുന്നവരെയും റോഡിന്റെ ശോചനീയാവസ്ഥ വലിയതോതിൽ വലയ്ക്കുന്നുണ്ട്. പാറ മുതൽ പാലക്കുഴ വരെയുള്ള മൂന്നു കിലോ മീറ്ററോളം ഭാഗം റോഡ് പലയിടങ്ങളിലും പൂർണമായും തകർന്ന് കിടക്കുകയാണ്.

2 കോടിയുടെ ഫണ്ട്

രണ്ടു കോടി രൂപയാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്. ജില്ലയിലെ മറ്റ് മൂന്നു റോഡുകളുടെ നവീകരണ പദ്ധതിയുടെ ഭാഗമായാണ് ഇതും ഉൾപ്പെടുത്തിയിരിക്കുന്നത്.