അടിമാലി: കഞ്ചാവ് ചില്ലറ വിൽപ്പനക്കാരനെ അടിമാലി നർക്കോട്ടിക് എൻഫോഴ്സ്‌മെന്റ് സംഘം പിടികൂടി. അടിമാലി ഇരുമ്പുപാലം സ്വദേശി കലൂർതെക്കേതിൽ വീട്ടിൽ ഷിഹാബ് ഇല്ലിയാസിനെയാണ് (38) ഞായറാഴ്ച ഉയോടെ നർക്കോട്ടിക് സംഘം ഇരുമ്പുപാലം ടൗണിൽ നിന്ന് പിടികൂടിയത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന അടിമാലി ഓടക്കാസിറ്റി സ്വദേശി കാരക്കാട്ട് വീട്ടിൽ മനു മണി (26) നർക്കോട്ടിക് ഉദ്യോഗസ്ഥരെ വെട്ടിച്ച് ഓടി രക്ഷപ്പെട്ടു. ഇരുവരും സഞ്ചരിച്ചിരുന്ന മനുവിന്റെ ഉടമസ്ഥതയിലുള്ള കാറിൽ നിന്ന് 1.6 കിലോഗ്രാമും മനുവിന്റെ ഓടക്കാസിറ്റിയിലെ വീട്ടിൽ നിന്ന് 1.15 കിലോഗ്രാം കഞ്ചാവും നർക്കോട്ടിക് ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. ഏറെ നാളായി പ്രതികൾ നിരീക്ഷണത്തിലായിരുന്നെന്ന് നർക്കോട്ടിക് സർക്കിൾ ഇൻസ്‌പെക്ടർ എം.കെ. പ്രസാദ് പറഞ്ഞു. തമിഴ്നാട്ടിൽ നിന്ന് കഞ്ചാവെത്തിച്ച് അടിമാലിയിലും ഇരുമ്പുപാലത്തും വിൽപ്പന നടത്തുകയാണ് പ്രതികളുടെ രീതി. കഞ്ചാവ് വാങ്ങാനെന്ന വ്യാജേന പ്രതികളെ സമീപിച്ചാണ് നർക്കോട്ടിക് ഉദ്യോഗസ്ഥർ ഇവരെ വലയിലാക്കിയത്. നർക്കോട്ടിക് സർക്കിൾ ഇൻസ്‌പെക്ടർ എം.കെ. പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഷിഷാബിനെ കസ്റ്റഡിയിൽ എടുത്തത്. ഷിഹാബിന്റെയും മനുവിന്റെയും പേരിൽ വേറെയും കേസുകളുണ്ടെന്നും രക്ഷപ്പെട്ട മനുവിനായി അന്വേഷണം ഉർജിതമാക്കിയതായും നർക്കോട്ടിക് ഉദ്യോഗസ്ഥർ അറിയിച്ചു.