തൊടുപുഴ: നഗത്തിലേത് വഴി പോയാലും ആളെ കൊല്ലുന്ന വാരിക്കുഴികൾ മാത്രം. വാഹനയാത്രികരുടെ കണ്ണിൽപ്പെടാത്ത ഭീമൻ ഗർത്തങ്ങളിൽ വീണ് അപകടത്തിൽപ്പെടുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്നു. ചെറിയ വ്യാസവും വലിയ ആഴവുമുള്ള കുഴി പെട്ടെന്ന് ശ്രദ്ധയിൽപ്പെടില്ല. ബൈക്ക് യാത്രികരാണ് അപകടത്തിൽപ്പെടുന്നവരിലേറെയും. മങ്ങാട്ടുകവല- വെങ്ങല്ലൂർ ബൈപ്പാസ്, മാർക്കറ്റ് റോഡ്, കോതായിക്കുന്ന് ബൈപ്പാസ് റോഡ്, അമ്പലം ബൈപ്പാസ്, കാഞ്ഞിരമറ്റം ബൈപ്പാസ്, മുട്ടം റോഡ് തുടങ്ങിയ പ്രധാന റോഡുകളിലെല്ലാം അപകടക്കുഴികൾ കെണിവിരിച്ചിരിപ്പുണ്ട്. മഴ പെയ്ത് വെള്ളം നിറഞ്ഞ് കിടന്നാൽ ഇങ്ങനെ ഒരു കുഴിയുള്ള കാര്യം അറിയുകപോലുമില്ല. രാത്രികാലമാണെങ്കിൽ അപകടം ഉറപ്പ്. നഗരത്തിലെ പലകുഴികളിൽ വീണ് ദിനംപ്രതി നിരവധിപേർക്കാണ് പരിക്കേൽക്കുന്നത്. റോഡ് പരിചയമില്ലാത്ത ഇരുചക്രവാഹന യാത്രികരാണ് കൂടുതലും അപകടത്തിൽപ്പെടുന്നത്. കുഴിയിൽ വീഴാതിരിക്കാൻ വാഹനം വെട്ടിച്ചുമാറ്റുന്നതും പെട്ടെന്ന് ബ്രേക്കിടുന്നതും അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്നു. വലിയ കുഴിയിൽ വീണ് വാഹനങ്ങൾക്ക് കേടുംപാടുകൾ സംഭവിക്കുന്നതും പതിവാണ്. ഇന്നോ ഇന്നലെയോ രൂപപ്പെട്ട കുഴികളല്ലിത്. ആറ് മാസം മുതൽ ഒരു വർഷത്തിലേറെ പഴക്കമുള്ള കുഴികളുണ്ട് ഇക്കൂട്ടത്തിൽ. അപകടം പതിവായിട്ടും പലതവണ പരാതി പറഞ്ഞിട്ടും കുഴികളടയ്ക്കാൻ നഗരസഭയോ പൊതുമരാമത്തോ തയ്യാറാകുന്നില്ല. വ്യാപാരികളും നാട്ടുകാരും കല്ലും മണ്ണുമിട്ട് കുഴി നികത്താറുണ്ടെങ്കിലും ഒരു മഴ പെയ്യുമ്പോഴേക്കും ഇതെല്ലാം ഒഴുകിപോയി വീണ്ടും പഴയപടിയാകും.
വാരികുഴിയിൽ വീണ് കൗൺസിലറും
കെണിയൊരുക്കിയ വാരിക്കുഴികളിലൊന്നിൽ തൊടുപുഴ നഗരസഭയിലെ കൗൺസിലർ തന്നെ വീണു. വെങ്ങല്ലൂർ- മങ്ങാട്ടുകവല ബൈപ്പാസ് റോഡിൽ വടക്കംമുറി ഭാഗത്തുള്ള ഭീമൻ കുഴിയിലാണ് ഭരണകക്ഷിയിൽപ്പെട്ട കൗൺസിലർ വീണത്. രാത്രി ബൈക്കിൽ വരുന്ന വഴി കുഴി ശ്രദ്ധയിൽപ്പെട്ടില്ല. വീഴ്ചയിൽ കാലിനും കൈയ്ക്കും മുഖത്തുമെല്ലാം പരിക്കേറ്റു. കൗൺസിലറുടെ ഇടപെടലിനെ തുടർന്ന് കുഴി അധികൃതർ മൂടി. എന്നാൽ ഇതേ റോഡിൽ പലയിടത്തും വലിയ കുഴികൾ വേറെയുണ്ടെങ്കിലും അധികൃതർ കണ്ടമട്ടില്ല.
തീരാതെ പൈപ്പിട്ട ദുരിതം
കുടിവെള്ള പൈപ്പിടാൻ വേണ്ടി നഗരത്തിലെ വിവിധ റോഡുകൾ കുത്തിപൊളിച്ചതിനെ തുടർന്ന് തൊടുപുഴയിലെ വാഹനയാത്രികർ അനുഭവിക്കുന്ന ദുരിതത്തിന് അറുതിയില്ല. പൈപ്പിടാൻ കുത്തിപൊളിച്ച മൂപ്പിൽക്കടവ് പാലത്തിന് സമീപത്തെ റോഡ് ഇതുവരെ ടാർ ചെയ്തിട്ടില്ല. മഴയത്ത് ചെളിക്കുളമാകുന്ന ഇതുവഴിയുള്ല യാത്ര നരകമാണ്. പോസ്റ്റ്ഓഫീസ് റോഡ് പൂർണമായി തകർന്ന് കാൽനട പോലും സാദ്ധ്യമല്ല. ടാർ ചെയ്ത മാർക്കറ്റ് റോഡിലെയും ജിനദേവൻ റോഡിന്റെയും അവസ്ഥ അതിലും കഷ്ടമാണ്. അശാസ്ത്രീയമായാണ് പൈപ്പിടാൻ കുത്തിപൊളിച്ച ഭാഗത്ത് റീടാർ ചെയ്തിരിക്കുന്നത്. റീടാറിംഗിന് ശേഷം ഈ ഭാഗത്ത് റോഡ് ഉയർന്നും താഴ്ന്നുമാണ് ഇരിക്കുന്നത്. ഇതുവഴി പോകുന്ന ബൈക്ക് യാത്രികർ നിയന്ത്രണംവിട്ട് അപകടത്തിൽപ്പെടാനുള്ള സാദ്ധ്യതയേറെയാണ്.