തൊടുപുഴ :പാഴ്വസ്തുക്കൾ കെ എസ് ഇ ബി റോഡരുകിൽ തളളി, കാൽനടയാത്രക്കാർ ദുരിതത്തിലായി.ഉപഭോക്താക്കൾക്ക് ഗുണമെന്മയുളള വൈദ്യുതി വിതരണം ചെയ്യുക എന്ന ലക്ഷ്യത്തോടെ പഴയ കേബിളുകൾ മാറ്റി പുതിയവ സ്ഥാപിച്ചപ്പോൾ ഉപയോഗ ശൂന്യമായ പഴയ വൈദ്യുതി പോസ്റ്റുകളും,കേബിളുകൾ ചുറ്റി വന്ന വലിയചക്രങ്ങളു മറ്റ് പാഴ് വസ്തുക്കളുമാണ് റോഡരുകിൽ തളളിയത്.മുട്ടം മുതൽ മലങ്കര വരെയുളള റോഡിന്റെ രണ്ട് വശങ്ങളിലാണ് ഇതെല്ലാം കൂടുതലായി തളളിയിരിക്കുന്നത്.ഇത്തരത്തിൽ തളളിയിരിക്കുന്നത് മൂലം ഇത് വഴിയുളള യാത്രക്കാർക്ക് ഏറെ ഭീഷണിയാവുകയുമാണ്.കാൽനടയായും ടൂ വീലറിലും ഇത് വഴി കടന്ന് പോകുന്നവരെയാണ് ഇത് കൂടുതലായി ബാധിക്കുന്നതും.വാഹനം വരുമ്പോൾ കാൽ നട യാത്രക്കാർക്ക് റോഡരുകിലേക്ക് മാറി നിൽക്കാൻ പോലും കഴിയാത്ത വിധമാണ് ഇതെല്ലാം കൂട്ടിയിട്ടിരിക്കുന്നതും.കഴിഞ്ഞ ദിവസം പെരുമറ്റം ഭാഗത്ത് ബൈക്ക് യാത്രക്കാരൻ വാഹനത്തിന് സൈഡ് കൊടുക്കവേ അപകടത്തിൽ പെട്ടിരുന്നു.മുട്ടത്ത് പുതിയതായി പ്രവർത്തനം ആരംഭിച്ച സബ് സ്റ്റഷനോടനുബന്ധിച്ച് മുട്ടം മുതൽ തൊടുപുഴ വരെയുളള ഭാഗത്തെ റോഡരുകിലെ പഴയ വൈദ്യുതി കേബിളും പഴയ വൈദ്യുതി പോസ്റ്റും പൂർണ്ണമായും മാറ്റി സ്ഥാപിച്ചിരുന്നു.കഴിഞ്ഞ പ്രളയത്തിന് മുൻപ് ഇതിന്റെ ജോലികൾ ആരംഭിച്ചെങ്കിലും പ്രളയം രൂക്ഷമായതിനെ തുടർന്ന് ജോലികൾ ഇടക്ക് വെച്ച് ജോലികൾ പൂർണ്ണമായും നിലച്ചിരുന്നു.പിന്നീട് പ്രളയക്കെടുതിക്ക് ശേഷമാണ് ജോലികൾ ആരംഭിച്ചത്.ജോലികൾ ആരംഭിച്ച കഴിഞ്ഞ വർഷം മുതലുളള പാഴായ വൈദ്യുതി പോസ്റ്റുകളും വലിയ ചക്രങ്ങളും റോഡരുകിൽ തളളിയിട്ടുണ്ട്.ചില സ്ഥലങ്ങളിൽ കേബിൾ ചുറ്റി വന്ന വലിയ ചക്രങ്ങൾ ദ്രവിച്ച് റോഡിലേക്കും സ്വകാര്യ വ്യക്തികളുടെ പറമ്പിലേക്കും വീണ് കിടക്കുന്നുമുണ്ട്.രാത്രി കാലങ്ങളിൽ റോഡിൽ വൈദ്യുതി വെളിച്ചം ഇല്ലാത്തതിനാൽ ഇത് വഴി വരുന്ന വാഹനങ്ങളും അപകടത്തിൽ പെടാൻ സാദ്ധ്യത ഏറെയാണ്.
പുതിയ വൈദ്യുതി പോസ്റ്രുകൾ സ്ഥാപിച്ച് കേബിൾ ഇടുന്ന ജോലികൾ കരാർ വ്യവസ്തയിൽ സ്വകാര്യ വ്യക്തികളാണ് ചെയ്യുന്നതെന്നും റോഡരുകിൽ തളളിയിരിക്കുന്ന കെ എസ് ഇ ബി യുടെ പാഴ് വസ്തുക്കൾ നീക്കം ചെയ്യാൻ അവർക്ക് നിർദ്ദേശം നൽകും
കെ എസ് ഇ ബി അധികൃതർ