രാജാക്കാട് : കുരുവിളസിറ്റിയിൽ ഗൃഹനാഥനെ കുളത്തിൽ വീണ് മരിച്ചനിലയിൽ കണ്ടെത്തി. തെങ്ങടയിൽ രാജനെ (54)യാണ് വീട്ടിലേയ്ക്കുള്ള നടപ്പുവഴിയോട് ചേർന്ന കുളത്തിൽ മരിച്ച നിലയിൽ ഇന്നലെ രാവിലെ കണ്ടെത്തിയത്. കാൽ വഴുതി വീണതാണെന്നാണ് പ്രാഥമിക നിഗമനം. കുരുവിളസിറ്റി ഗവ. ആശുപത്രിയ്ക്ക് എതിർഭാഗത്ത് ടൗണിൽനിന്നും മാറി വാഹനം കടന്നുചെല്ലാത്ത ഭാഗത്താണ് ഇവരുടെ വീട്.മകന്റെ കോളേജിലെ ആവശ്യത്തിനായ ഭാര്യ കഴിഞ്ഞ ദിവസം മൂവാറ്റുപുഴയ്ക്ക് പോയിരുന്നതിനാൽ ഞായറാഴ്ച്ച രാജൻ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. പറമ്പിലെ പണികൾക്ക് ശേഷം വൈകിട്ട് കുരുവിളസിറ്റി ടൗണിൽ എത്തി രാത്രി എട്ടരയോടെ വീട്ടിലേയ്ക്ക് മടങ്ങിപ്പോകുന്നത് കണ്ടവരുണ്ട്. തറവാടിന്റെ സമീപത്തുകൂടിയുള്ള നടപ്പുവഴി മാത്രമാണ് വീട്ടിലേയ്ക്കുള്ളത്. ഇന്നലെ രാവിലെ എട്ടേമുക്കാലോടെ ഏലംകൃഷി നോക്കാൻ പറമ്പിലേയ്ക്കിറങ്ങിയ സഹോദരൻ സത്യൻ വഴിയിൽ ഒരു മുണ്ടും മൊബൈൽ ഫോണും കിടക്കുന്നത് കണ്ടു. ചുറ്റുവട്ടത്ത് നോക്കിയപ്പോൾ സമീപത്തായി ഏലത്തിന് മരുന്നടിക്കുന്ന ആവശ്യത്തിനും മറ്റുമായി ഉണ്ടാക്കിയിരിക്കുന്ന കുളത്തിൽ മരിച്ച നിലയിൽ രാജൻ കിടക്കുന്നത് കണ്ടെത്തുകയായിരുന്നു.. കുളത്തിനിന്നും കരകയറാൻ ശ്രമിച്ചതിന്റെ അടയാളങ്ങളും കണ്ടു. മൊബൈലിന്റെ വെളിച്ചത്തിൽ നടന്നുപോകുന്നതിനിടെ തെന്നി വീണ് ഫോണും മുണ്ടും നഷ്ടപ്പെടുകയും തുടർന്ന് ഇരുട്ടിൽ തപ്പുന്നതിനിടെ അബദ്ധത്തിൽ കുളത്തിൽ വീഴുകയും ചെയ്തിരിക്കാം എന്നാണ് പ്രാഥമിക നിഗമനം. ശാന്തൻപാറ പൊലീസ് മേൽനടപടി സ്വീകരിച്ച മൃതദേഹം കുരുവിളസിറ്റി ഗവ. ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ നടത്തും. ഭാര്യ ബിന്ദു തോക്കുപാറ ഏർത്തടത്തിൽ കുടുംബാംഗണാണ്.മക്കൾ: അൽരാജ്, അജന. മരുമകൻ കെ. പി അഭിലാഷ്.