തൊടുപുഴ : 1986 മുതലുള്ള ആധാരങ്ങൾ സബ് രജിസ്ട്രാർ ഓഫീസുകളിലൂടെ രജിസ്റ്റർ ചെയ്തവർക്ക് വിലയിലും ആധാരങ്ങളിലും തുക കുറവുണ്ടെന്ന് കാണിച്ച് ജില്ലാ രജിസ്ട്രാർ ഓഫീസിൽ നിന്നും ആയിരക്കണക്കിനാളുകൾക്ക് 30000 രൂപ മുതൽ ഒരു ലക്ഷം രൂപയും അതിനുമുകളിലും തുകയടക്കാനുള്ള നോട്ടീസ് അയച്ചു കൊണ്ടിരിക്കുന്നത് സംസ്ഥാന സർക്കാരിന് പണമില്ലെന്ന കാരണത്താൽ കനത്ത ഫീസും മുദ്രപ്പത്രവും നൽകി രജിസ്റ്റർ ചെയ്ത കർഷകരെ വീണ്ടും ദ്രോഹിക്കുന്ന നടപടി പകൽക്കൊള്ളയാണെന്ന് ഡി സി സി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ ആരോപിച്ചു. ജില്ലയിലെ എല്ലാ സബ് രജിസ്ട്രാർ ഓഫീസുകളിലും നടന്ന ആധാരങ്ങൾക്കാണ് സെക്ഷൻ 45 ബി പ്രകാരം (കേരള മുദ്രപത്രനിയമം) ജില്ലാ രജിസ്ട്രാർ നോട്ടീസ് നൽകിയിരിക്കുന്നത്. അതിനുശേഷം ഇതിന് ഒറ്റത്തവണ തീർപ്പാക്കൽ അദാലത്തിന് ക്ഷണിക്കുകയും ഒരു വലിയ തുക സർക്കാരിലേയ്ക്ക് ഈടാക്കുകയുമാണ്. സർക്കാർ നിശ്ചയിച്ചിട്ടുള്ള തറവില വച്ചിട്ടുള്ള ആധാരങ്ങൾക്കും മാർക്കറ്റ് കൂടുതൽ ഉണ്ടെന്ന മുടന്തൻ ന്യായം പറഞ്ഞ് ആധാരങ്ങൾ തിരികെ ലഭിക്കുന്നതിന് മുമ്പുതന്നെ അണ്ടർ വാല്യുവേഷൻ നോട്ടീസ് വരുന്ന സ്ഥിതിയും നിലവിലുണ്ട്. പ്രളയദുരന്തത്തിൽ നട്ടം തിരിഞ്ഞു നിൽക്കുന്ന ജനതയ്ക്കുമേൽ ഇത്തരം കരിനിയമങ്ങൾ അടിച്ചേൽപ്പിക്കുന്നത് അംഗീകരിക്കാനാവില്ല. നിയോജകമണ്ഡലം തലത്തിൽ ഇത്തരത്തിൽ നോട്ടീസ് ലഭിച്ചവരുടെ യോഗം വിളിച്ചു ചേർക്കുമെന്നും ശക്തമായ സമരം നടത്തുമെന്നും ഇബ്രാഹിംകുട്ടി കല്ലാർ അറിയിച്ചു.