ഇടുക്കി : മൊട്ടക്കുന്നിന്റെയും കോടമഞ്ഞിന്റെയും സൗന്ദര്യം ആസ്വദിക്കാനെത്തുന്ന വിനോദ സഞ്ചാരികൾക്ക് വിപുലമായ സൗകര്യങ്ങൾക്കായിവാഗമണ്ണിൽ നടന്നുവന്ന നവീകരണ പദ്ധതികൾ പൂർത്തീകരിച്ചു. പദ്ധതിയുടെ ഭാഗമായി നിർമ്മാണം പൂർത്തീകരിച്ച ടിക്കറ്റ് കൗണ്ടർ, ടോയ്ലറ്റ് ബ്ലോക്ക്, പാർക്കിംഗ് ഏരിയ, നടപ്പാത എന്നിവയുടെ ഉദ്ഘാടനം ഇ. എസ്. ബിജിമോൾ എം എൽ എ നിർവ്വഹിച്ചു. വാഗമൺ മൊട്ടക്കുന്നിലേയ്ക്കുള്ള റോഡ് റീടാറിംഗിനുള്ള നടപടികൾ തുടർന്നു വരുന്നു. സഞ്ചാരികൾക്കായി അഡൈ്വഞ്ചർ പാർക്ക് തുറന്നു നല്കുവാനുള്ള നടപടികൾ ദ്രുതഗതിയിൽ ഉണ്ടാകണമെന്നും വാഗമണ്ണിന്റെ ടൂറിസം വികസിക്കുന്നതോടൊപ്പം പ്രദേശവാസികൾക്കു കൂടി ടൂറിസം മേഖലയിൽ നിന്നും വരുമാനം ലഭിക്കും വിധത്തിൽ പദ്ധതികൾ നടപ്പാക്കണമെന്നും എം.എൽ.എ പറഞ്ഞു. ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്റ് ആർ. രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.
മികച്ച പ്രവേശന കവാടം, ടൂറിസം ഇൻഫർമേഷൻ സെന്ററും ടിക്കറ്റ് കൗണ്ടറും, കല്ലുപാകി വശങ്ങളിൽ ചെടി നട്ട് മനോഹരമാക്കിയ നടപ്പാത, സിറ്റിംഗ് ബെഞ്ചുകൾ, ടോയ്ലറ്റ് ബ്ലോക്ക്, വിശ്രമമുറി, സെൻസർ സംവിധാനമുള്ള എൽഇഡി ലൈറ്റിംഗ്, വേയ്സ്റ്റ് ബിന്നുകൾ, ഇന്റർലോക്ക് കട്ടകൾ പാകിയ വിശാലമായ പാർക്കിംഗ് ഏരിയ തുടങ്ങിയ സൗകര്യങ്ങളാണ് വിനോദ സഞ്ചാരികൾക്കായി വാഗമൺ മൊട്ടക്കുന്നിൽ ഒരുക്കിയിരിക്കുന്നത്. ടൂറിസം വികസന ഫണ്ട് 99 ലക്ഷത്തോളം രൂപയാണ് ടൂറിസം വകുപ്പ് പദ്ധതിയ്ക്കായി ചെലവഴിച്ചത്. കേന്ദ്ര ഗവൺമെന്റ് ഏജൻസിയായ വാപ്‌കോസിന്റെ മേൽനോട്ടത്തിലാണ് നിർമ്മാണം പൂർത്തീകരിച്ചത്.
മൊട്ടക്കുന്നിന് സമീപമുള്ള തടാകത്തോട് ചേർന്ന് റോസ് ഗാർഡനും മൊട്ടക്കുന്നിൽ കുട്ടികൾക്കായി പാർക്ക് സജ്ജീകരിക്കാനും പുതിയ പദ്ധതിയുണ്ട്. കഴിഞ്ഞ വർഷം അഞ്ചര ലക്ഷത്തോളം വിനോദ സഞ്ചാരികളാണ് വാഗമൺ സന്ദർശിക്കാനെത്തിയത്. ഇതിൽ തന്നെ ഒന്നര ലക്ഷത്തോളം പേർ മൺസൂൺ ടൂറിസം സീസണിലാണ് എത്തിയത്. സന്ദർശകരുടെ ബാഹുല്യം കണക്കിലെടുത്ത് നിലവിലുള്ള ടോയ്ലറ്റ് ബ്ലോക്കിന് പുറമെ പുതിയ ടോയ്ലറ്റ് ബ്ലോക്ക് കൂടി നിർമ്മിച്ചത് ഇവിടെയെത്തുന്ന സഞ്ചാരികൾക്ക് ഏറെ പ്രയോജനപ്രദമാകും. വാഗമൺ ഡെസ്റ്റിനേഷൻ മാനേജ്‌മെന്റ് കമ്മറ്റിയാണ് മൊട്ടക്കുന്നിന്റെ മേൽനോട്ടം വഹിക്കുന്നത്. മൺസൂൺ ടൂറിസത്തിന്റെ മനോഹാരിത ആസ്വദിക്കാൻ മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കൂടുതൽ സന്ദർശകരാണ് വാഗമണ്ണിലെത്തിക്കൊണ്ടിരിക്കുന്നത്. ഡി എം സി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ജയൻ.പി.വിജയൻ റിപ്പോർട്ടവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്തംഗം മിനി സുരേന്ദ്രൻ, ഡി എം സി അംഗങ്ങളായ വി.സജീവ്കുമാർ, എം.വർഗീസ്, ആർ.രവികമാർ, കെ.പി.വിജയൻ, എൻ.എം.കുശൻ, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ സി.പി.ഔസേപ്പ്, എം.ജി മോഹനൻ. ഇ.ഡി.ജയിംസ്, അഡ്വ. പി.പി.പ്രകാശ്, ബി.അരുൺ തുടങ്ങിയവർ സംസാരിച്ചു.