 ഹിസ്റ്ററിയുടെ കവറിൽ ഇക്കണോമിക്സ് ചോദ്യപേപ്പർ

ഇടുക്കി: ജില്ലയിൽ പ്ലസ് വൺ ഓണപരീക്ഷയുടെ ചോദ്യപേപ്പർ മാറി. ഹിസ്റ്ററി ചോദ്യപേപ്പറിന്റെ കവറിൽ എത്തിയത് ഇക്കണോമിക്‌സ് പരീക്ഷയുടെ ചോദ്യപേപ്പർ. തുടർന്ന് ഹയർ സെക്കൻഡറി ഡയറക്‌ട്രേറ്റിൽ നിന്ന് ഓൺലൈനായി ചോദ്യപേപ്പർ വാങ്ങി പകർപ്പെടുത്ത് വിതരണം ചെയ്ത് പരീക്ഷ നടത്തി. ഇതോടെ മുക്കാൽ മണിക്കൂറോളം വൈകിയാണ് പരീക്ഷ ആരംഭിച്ചത്. ഇന്നലെ രാവിലെ നടന്ന ഹിസ്റ്ററി പരീക്ഷയുടെ ചോദ്യപേപ്പറുകൾ അടങ്ങിയ കവറിന് പുറത്ത് 'ഹിസ്റ്ററി' എന്നാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ കവർ പൊട്ടിച്ചപ്പോൾ ഉള്ളിൽ ഇക്കണോമിക്‌സ് പേപ്പറായിരുന്നു. ഇതോടെ, ചോദ്യപേപ്പർ സംബന്ധിച്ചുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ നിയോഗിച്ചിരുന്ന മുതലക്കോടം സെന്റ് ജോർജ് ഹയർസെക്കൻഡറി സ്‌കൂളിലെ സെന്ററിൽ ബന്ധപ്പെട്ടു. ഇക്കണോമിക്‌സ് ചോദ്യപേപ്പറിന്റെ കവറിൽ ഹിസ്റ്ററി ചോദ്യ കടലാസായിരിക്കുമെന്ന ധാരണയിൽ ഒന്നു രണ്ടു കേന്ദ്രത്തിൽ പൊട്ടിച്ചു നോക്കാൻ നിർദേശം നൽകി. എന്നാൽ, അതിനുള്ളിൽ ഇക്കണോമിക്‌സ് പേപ്പർ തന്നെയായിരുന്നു. ഇതോടെയാണ് ഹയർ സെക്കൻഡറി ജില്ലാ കോ ഓർഡിനേറ്റർ, ജോയിന്റ് ഡയറക്ടറുമായി ബന്ധപ്പെട്ട് ഓൺലൈനിലൂടെ ഹിസ്റ്ററി ചോദ്യപേപ്പർ ലഭ്യമാക്കി സ്‌കൂളുകൾക്ക് വാട്‌സ് ആപ്പ് മുഖേന വിതരണം ചെയ്തത്. ഇതിന്റെ പകർപ്പെടുത്ത് വിദ്യാർഥികൾക്ക് നൽകി പരീക്ഷപൂർത്തിയാക്കി. ചോദ്യക്കടലാസ് പായ്ക്ക് ചെയ്ത സ്ഥലത്തെ വീഴ്ചയാണിതെന്നാണ് നിഗമനം. ഇനിയുള്ള പരീക്ഷകളുടെ ചോദ്യപേപ്പറിൽ ഹിസ്റ്ററി പരീക്ഷയുടെ ചോദ്യക്കടലാസ് ഉൾപ്പെട്ടിട്ടുണ്ടോയെന്നും സംശയമുണ്ട്.
ഇക്കണോമിക്‌സ് ചോദ്യപേപ്പർ പൊട്ടിച്ചെങ്കിലും അവ ഒരു കേന്ദ്രത്തിലും വിതരണം ചെയ്തിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി. ചോദ്യപേപ്പർ ചോർന്നെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്ന് ജോയിന്റ് ഡയറക്ടർ അറിയിച്ചു.