തൊടുപുഴ: മലങ്കര അണക്കെട്ടിൽ ജലനിരപ്പ് 37.14 മീറ്ററായി താഴ്ത്തിയതിനെ തുടർന്ന് വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശങ്ങളിലെ കുടിവെളള പദ്ദതികൾ സ്തംഭനത്തിലേക്ക് .അണക്കെട്ടിൽ ഷട്ടറുകളുടെ ബീഡിംഗ് മാറ്റുന്ന ജോലികൾ നടത്തുന്നതിനാണ് വെളളത്തിന്റെ അളവ് കുറച്ചിരിക്കുന്നത്.
കഴിഞ്ഞ 21 ന് ആരംഭിച്ച അറ്റകുറ്റപണികൾ സെപ്തംബർ 4 വരെ തുടരുമെന്നാണ് എം വി ഐ പി അധികൃതർ നൽകുന്ന സൂചന.ബീഡിംഗ് ജോലികൾക്കൊപ്പം ഷട്ടറിന്റെ പെയിന്റിംഗ് ജോലികളും ആരംഭിച്ചിട്ടുണ്ട്.ഷട്ടറിന്റെ തകരാറുകൾ പരിഹരിക്കുന്നതിന് വേണ്ടി ആദ്യ ദിനങ്ങളിൽ അണക്കെട്ടിൽ ജലനിരപ്പ് 36.9 മീറ്ററാക്കി കുറച്ചിരുന്നു.എന്നാൽ പിന്നീട് 37.14 മീറ്ററായി നിലനിർത്തി.
കുടിവെളള പദ്ധതികൾ സ്തംഭത്തിലേക്ക്
അണക്കെട്ടിൽ ജലനിരപ്പ് ഗണ്യമായി കുറഞ്ഞതോടെ മുട്ടം,കരിങ്കുന്നം,ഇടവെട്ടി,കുടയത്തൂർ,വെളളിയാമറ്റം,ആലക്കോട് എന്നീ പഞ്ചായത്ത് പ്രദേശങ്ങളിലേക്കുളള ചെറുതും വലുതുമായ അനേകം കുടിവെളള പദ്ധതികളിൽ ജല നിരപ്പ് കുറഞ്ഞു.ഇതേ തുടർന്ന് ഈ പ്രദേശങ്ങളിൽ ജല ദൗർലഭ്യം അതി രൂക്ഷമായി.അണക്കെട്ടിന്റെ രണ്ട് വശങ്ങളിലായി സർക്കാർ,തദ്ദേശ സ്ഥാപനം എന്നിവിടങ്ങളിലേയും ഇത് കൂടാതെ സ്വകാര്യ വ്യക്തികളുടെ സ്വന്തം ഫണ്ടുകളും ഉപയോഗിച്ചാണ് കുടിവെളള പദ്ധതികൾ സ്ഥാപിച്ചിരിക്കുന്നതും.മഴ വെളളം ലഭ്യമാകുന്നതിനാലാണ് നാട്ടുകാർ പ്രതിസന്ധിയിലാകാത്തത്.
ജയിലിലേക്ക് വെള്ളം കിട്ടാതായി
മലങ്കര അണക്കെട്ടിന്റെ തീരത്ത് മാത്തപ്പാറ ഭാഗത്ത് സ്ഥാപിച്ചിരിക്കുന്ന കിണറ്റിൽ നിന്നാണ് മുട്ടം ജില്ലാ ജയിലിലേക്ക് വെളളം ലഭ്യമാകുന്നത്.അണക്കെട്ടിൽ ജലത്തിന്റെ അളവ് കുറഞ്ഞതിനാൽ ജയിലിലെ തടവുകാരും ജീവനക്കാരും ഏറെ കഷ്ടത്തിലാണ്.ജയിലിൽ നിലവിൽ നൂറോളം തടവുകാരും മുപ്പതിലേറെ ജീവനക്കാരുമുണ്ട്.ജയിലിലേക്ക് വാട്ടർ അതോറിറ്റിയുടെ കണക്ഷൻ ഇല്ലാത്തതും പ്രശ്നം അതി രൂക്ഷമാവുകയാണ്.ജല ദൗർലഭ്യം അതിരൂക്ഷമായതിനാൽ തടവുകാർക്ക് ഭക്ഷണം പാകം ചെയ്യാൻ പുറമേ നിന്ന് വെളളം വിലക്ക് വാങ്ങാൻ ജയിൽ അധികൃതർ സർക്കാരിൽ നിന്ന് പ്രത്യേക അനുമതി വാങ്ങിയിരിക്കുകയാണ്.ജയിലിന്റെ പരിസരത്തുളള പഴയ കിണറ്റിൽ മഴ വെളളം നിറയുന്നതിനാൽ തടവുകാർ പ്രാഥമികാവശ്യം നിറവേറ്റുന്നത് ഇവിടെ നിന്നുളള വെളളം ഉപയോഗിച്ചാണ്.
- ബീഡിംഗിലെ തകരാറുകൾ കാരണം അണക്കെട്ടിലെ ഷട്ടറുകളിൽ ജല ചോർച്ചയുള്ളതായി ഡാം സുരക്ഷ കമ്മീഷൻ കണ്ടെത്തിയിരുന്നു.ഇതിനെ തുടർന്ന് ചോർച്ച പരിഹരിക്കാനാണ് അണക്കെട്ടിൽ ജല നിരപ്പ് കുറച്ചിരിക്കുന്നത്..ജോലികൾ ഉടൻ പൂർത്തീകരിക്കാൻ ദ്രുതഗതിയിൽ പണികൾ പുരോഗമിക്കുകയാണ് - എം വി ഐ പി അധികൃതർ