കുമളി: പിന്നാക്ക വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസം നൽകുന്ന പാമ്പനാർ ശ്രീനാരായണ ട്രസ്റ്റ് ആർട്‌സ് ആൻഡ് സയൻസ്‌ കോളേജ് തകർക്കാനുള്ള എസ്.എഫ്.ഐയുടെ സംഘടിത ശ്രമത്തിനെതിരെ എസ്.എൻ.ഡി.പി യോഗം ഇടുക്കി, കോട്ടയം യൂണിയനുകളുടെ നേതൃത്വത്തിൽ ഇന്ന് പാമ്പനാറിൽ പ്രതിഷേധ പ്രകടനവും സമ്മേളനവും നടത്തും. ഉച്ചയ്ക്ക് രണ്ടിന് കോളേജ് ജംഗ്ഷനിൽ നിന്ന് പാമ്പനാർ ടൗണിലേക്കാണ് പ്രതിഷേധ പ്രകടനം. വൈകിട്ട് നാലിന് നടക്കുന്ന സമ്മേളനത്തിൽ യോഗം കൗൺസിലർ എ.ജി. തങ്കപ്പൻ, സംരക്ഷണസമിതി ചെയർമാനും യോഗം അസിസ്റ്റന്റ് സെക്രട്ടറിയുമായ കെ.ഡി. രമേശ്, പീരുമേട് യൂണിയൻ പ്രസിഡന്റ് ചെമ്പൻകുളം ഗോപി വൈദ്യർ, കൺവീനറും പീരുമേട് യൂണിയൻ സെക്രട്ടറിയുമായ കെ.പി. ബിനു,​ വിവിധ യൂണിയനുകളിലെ ശാഖാ പ്രസിഡന്റ്,​ സെക്രട്ടറി തുടങ്ങിയവർ പങ്കെടുക്കും. നൂറു കണക്കിന് പേർ യോഗത്തിലും പ്രകടനത്തിലും പങ്കെടുക്കും. മുൻനിര കോളേജുകൾക്കൊപ്പം ചുരുങ്ങിയ കാലം കൊണ്ട് ഉയർച്ച നേടിയ എസ്.എൻ കോളേജിനെ തകർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വനിതാ അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും പൂട്ടി ഇടുക,​ കോളേജ് പ്രിൻസിപ്പലിനെ കൈയേറ്റം ചെയ്യുക,​ അദ്ധ്യാപകർക്ക് നേരെ അസഭ്യവർഷവും ഭീഷണിയും,​ കോളേജിന്റെ പ്രവർത്തനം തടസപ്പെടുത്തുന്ന തരത്തിൽ അക്രമണം നടത്തുക,​ നിജസ്ഥിതി സത്യസന്ധമായി റിപ്പോർട്ട് ചെയ്ത കേരളകൗമുദിപത്രം കത്തിക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് കുറച്ചുനാളുകളായി കോളേജിൽ നടക്കുന്നത്. സമീപ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒരു വിദ്യാർത്ഥി സംഘടനകൾക്കും കൊടിപോലും ഉയർത്താൻ കഴിയാത്ത സാഹചര്യത്തിലാണ് എസ്.എൻ കോളേജിനെ മാത്രം തകർക്കാൻ ശ്രമിക്കുന്നത്. തുടർന്ന് അനിശ്ചിതകാലത്തേക്ക് കോളേജ് അടച്ചിടാൻ തീരുമാനിച്ചിരുന്നു.