തൊടുപുഴ : ഇടുക്കി ജില്ലയിലെ പട്ടയഭൂമിയിൽ നടത്തിയിട്ടുള്ള നിർമ്മാണ പ്രവർത്തനങ്ങൾ സംബന്ധിച്ച് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവ് ജില്ലയിലെ ജനങ്ങളിലാകെ ആശങ്കാജനകമായ അന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണെന്നും ആരംഭത്തിൽ തന്നെ ഉത്തരവിനെതിരെ ജനകീയ മുന്നേറ്റം നടത്തണമെന്നും കേരളാ കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ.ജേക്കബ്ബ് പറഞ്ഞു.
ഭൂമി പതിവ് നിയമ പ്രകാരം പട്ടയഭൂമിയിൽ കൃഷി ആവശ്യത്തിനും വീട് വയ്ക്കുന്നതിനും മാത്രമേ കഴിയൂ. എന്നാൽ സംസ്ഥാനത്ത് ഒരിടത്തും ഈ നിയമം കാലകാലങ്ങളായി ഗൗരവമായി നടപ്പാക്കത്തതുകൊണ്ടാണ് മേൽ പറഞ്ഞ ആവശ്യങ്ങൾക്കു പുറമേ നിരവധി കെട്ടിടങ്ങൾ നിർമ്മിക്കുകയും മറ്റു നിരവധി ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്തിരുന്നത്.
പതിച്ചു കിട്ടിയ ഭൂമിയിൽ വിദ്യാലയങ്ങൾ, അനാഥാലയങ്ങൾ, ആശുപത്രികൾ, വ്യാപാരസ്ഥാപനങ്ങൾ, വിനോദസഞ്ചാരികൾക്കുള്ള പാർപ്പിടങ്ങൾ ഉൾപ്പടെയുള്ള നിർമ്മാണങ്ങളാണ് നടന്നത്. ജില്ലയിലെ വിവിധ പട്ടണങ്ങളിലും ഗ്രാമങ്ങളിലും ഈ കാര്യങ്ങൾക്കു വേണ്ടി നിരവധി കെട്ടിടങ്ങൾ നിർമ്മിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ച ഉത്തരവു നടപ്പിലാക്കിയാൽ കൃഷിയ്ക്കും താമസത്തിനും ഉപയോഗിക്കുന്നത് ഒഴിച്ചാൽ എല്ലാ കെട്ടിടങ്ങളും അനധികൃത നിർമ്മാണമാകും. ഇതോടെ ജനങ്ങൾക്ക് കൃഷി അല്ലാതെ മറ്റൊരു ജീവിതമാർഗ്ഗവും ഇല്ലാതാകും. ഇത് ജില്ലയിലെ ജനങ്ങളുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കും.വീണ്ടു വിചാരം ഇല്ലാതെ പുറത്തിറക്കിയ സർക്കാർ ഉത്തരവ് അടിയന്തരമായി പിൻവലിക്കണം.സംസ്ഥാന സർക്കാരിന്റെ നീക്കങ്ങൾക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ജേക്കബ്ബ് പറഞ്ഞു.