കട്ടപ്പന:സേഫ് കേരള പരിപാടിയുടെ ഭാഗമായി നഗരസഭ ആരോഗ്യ വിഭാഗവും താലൂക്ക് ആശുപത്രി ആരോഗ്യ വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിൽ പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ആഹാര സാധനങ്ങൾ പിടിച്ചെടുത്തു. ഭക്ഷ്യയോഗ്യമല്ലാത്ത ഫ്രൈഡ് റൈസ്, ചിക്കൻ, ബീഫ്, പഴകിയ എണ്ണ, പുളിശേരി, മീൻ കറി, നൂഡിൽസ്,ദിവസങ്ങൾക്ക് മുൻപേ തയ്യാറാക്കി വച്ചിരിക്കുന്ന ഗ്രേവി, വൃത്തിഹീനമായി ഫ്രഡ്ജിൽ സൂക്ഷിച്ചിരിക്കുന്ന ഉൽപ്പന്നങ്ങൾ എന്നിവയാണ് ഹെൽത്ത് ഇൻസ്‌പെക്ടർ ആറ്റലി പി.ജോൺ, പി.എം. ഫ്രാൻസീസ് , ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറന്മാരായ ജുവാൻ ഡി. മേരി, വിനീഷ് ജേക്കബ്, അനീഷ് ജോസഫ്, അരുൺകുമാർ എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത്. തൊഴിലാളികളുടെ ഹെൽത്ത് കാർഡുകൾ പല സ്ഥാപനങ്ങളും സൂക്ഷിച്ചിരുന്നില്ല. പൊതു ശുചിത്വ നിലവാരവും, മാലിന്യ സംസ്‌ക്കരണ സംവിധാനങ്ങളും തൃപ്തികരമല്ല. ന്യൂനതകൾ കണ്ടെത്തിയ സ്ഥാപനങ്ങൾക്ക് അത് പരിഹരിക്കാൻ 7 ദിവസത്തെ സമയപരിമിധി നൽകി നോട്ടീസ് നൽകും. പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ആഹാരസാധനങ്ങൾ സൂക്ഷിച്ചിരുന്ന സ്ഥാപനങ്ങൾക്ക് ആദ്യഘട്ടം എന്ന നിലയിൽ പിഴ ഈടാക്കുന്നതും ,വീണ്ടും ആവർത്തിച്ചാൽ ലൈസൻസ് റദ്ദാക്കും. ഭക്ഷണസാധനങ്ങൾ വിൽപ്പന നടത്തുന്ന സ്ഥാപനങ്ങളിലെ തൊഴിലാളികൾ വൈദ്യപരിശോധന നടത്തി ഹെൽത്ത് കാർഡുകൾ ഹാജരാക്കേണ്ടതാണ്. ഭക്ഷണശാലകൾ, ലോഡ്ജുകൾ,ആശുപത്രികൾ,ക്ലീനിക്കുകൾ,ലാബുകൾ എന്നിവക്കും മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി പത്രം കർശനമാക്കുമെന്നും അധികൃതർ അറിയിച്ചു.