ഇടുക്കി : സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ ഒ.ബി.സി വിഭാഗത്തിൽപ്പെട്ട പ്രൊഫഷണലുകൾക്ക് സ്റ്റാർട്ടപ്പ് സംരംഭം ആരംഭിക്കുന്നതിന് വായ്പാ പദ്ധതി പ്രകാരം അപേക്ഷ ക്ഷണിച്ചു. പദ്ധതി പ്രകാരം പരമാവധി 20 ലക്ഷം രൂപവരെ വായ്പയായി അനുവദിക്കും. മൂന്ന് ലക്ഷം രൂപവരെ കുടുംബവാർഷിക വരുമാനമുള്ള ഒ.ബി.സി വിഭാഗം പ്രൊഫഷണലുകൾക്ക് അപേക്ഷിക്കാം. അഞ്ച് ലക്ഷം രൂപവരെ ആറ് ശതമാനം പലിശ നിരക്കിലും അതിനുമുകളിൽ 10 ലക്ഷം രൂപവരെ ഏഴ് ശതമാനം പലിശനിരക്കിലും 10 ലക്ഷം രൂപയ്ക്ക് മുകളിൽ എട്ട് ശതമാനം പലിശ നിരക്കിലും വായ്പ അനുവദിക്കും. തിരിച്ചടവ് കാലയളവ് 84 മാസം വരെ. അപേക്ഷകൻ സംസ്ഥാനത്തെ ഒ.ബി.സി വിഭാഗത്തിൽ ഉൾപ്പെട്ടവരും പ്രൊഫഷണൽ കോഴ്സുകൾ( എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എ.എം.എസ്, ബി.എസ്.എം.എസ്, ബി.ടെക്, ബി.എച്ച്.എം.എസ്, ബിആർക്ക്, വെറ്റിനറി സയൻസ്, ബി.എസ്.സി അഗ്രികൾച്ചർ, ബിഫാം, ബയോടെക്‌നോളജി, ബി.സി.എ, എൽ.എൽ.ബി, ഫുഡ് ടെക്‌നോളജി, ഫൈൻ ആർട്ട്സ്, ഡയറി സയൻസ്, ഫിസിക്കൽ എഡ്യൂക്കേഷൻ, ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി മുതലയാവ) വിജയകരമായി പൂർത്തീകരിച്ചവരുമായിരിക്കണം. പ്രായം 40 വയസ്സ് കവിയാൻ പാടില്ല. പ്രൊഫഷണൽ യോഗ്യതയുമായി ബന്ധപ്പെട്ട വരുമാനദായകമായ ഏതൊരു നിയമാനുസൃത സംരംഭം ആരംഭിക്കുന്നതിനും വായ്പ ലഭിക്കും. പദ്ധതി അടങ്കലിന്റെ 95 ശതമാനം വരെ വായ്പ അനുവദിക്കും. വായ്പ തുകയുടെ 20 ശതമാനം പിന്നാക്ക വിഭാഗ വികസന വകുപ്പ് സബ്സിഡിയായി അനുവദിക്കും. താൽപര്യമുള്ള പ്രൊഫഷണലുകൾ സെപ്തംബർ 20നകം രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യുന്ന പ്രൊഫഷണലുകളെ സെപ്തംബർ 30നകം കോർപ്പറേഷന്റെ ബന്ധപ്പെട്ട ജില്ലാ/ ഉപജില്ലാ ഓഫീസിൽ അഭിമുഖത്തിന് ക്ഷണിക്കും.