കട്ടപ്പന: കേരളാ കോൺഗ്രസ് ചെയർമാനായി ജോസ് കെ. മാണിയെ തിരഞ്ഞെടുത്തത് ഇടുക്കി മുൻസിഫ് കോടതി തടഞ്ഞതിനെതിരെ ജോസ് വിഭാഗം നൽകിയ അപ്പീലിൽ വിധി പറയുന്നത് കട്ടപ്പന കോടതി 30ലേക്ക് മാറ്റി. ജോസ് കെ. മാണിയെ കോട്ടയത്ത് നടന്ന സമ്മേളനത്തിൽ ചെയർമാനായി തിരഞ്ഞെടുത്തത് ചോദ്യം ചെയ്ത് ജോസഫ് വിഭാഗം നൽകിയ ഹർജിയിൽ ഇടുക്കി മുൻസിഫ് കോടതി നേരത്തെ സ്റ്റേ അനുവദിച്ചിരുന്നു. ജോസിന് ചെയർമാന്റെ അധികാരങ്ങൾ പ്രയോഗിക്കുന്നതിനായിരുന്നു സ്റ്റേ. തുടർന്നാണ് ജോസ് കെ. മാണി വിഭാഗം അപ്പീൽ നൽകിയത്. അപ്പീൽ പരിഗണിച്ച കട്ടപ്പന സബ് ജഡ്ജി ഡോണി തോമസ് വർഗീസ് കേസ് പരിഗണിക്കുന്നത് 30ലേക്ക് മാറ്റുകയായിരുന്നു. അതേസമയം കേസിൽ വിധി പറയേണ്ട ജഡ്ജി 29ന് സ്ഥലം മാറിപോകും. അതിനാൽ 30ന് കേസിൽ വിധി പറയുന്ന കാര്യത്തിൽ അനിശ്ചിതത്വമുണ്ട്.