മറയൂർ: സ്ഥലം മാറ്റ ഉത്തരവ് അട്ടിമറിക്കുന്നതിൽ പ്രതിഷേധിച്ച് മറയൂർ സാൻഡൽ ഡിവിഷനിലെ 40 ഉദ്യോഗസ്ഥർ കൂട്ട അവധിക്ക് മേലുദ്യോഗസ്ഥർക്ക് അപേക്ഷ നല്കി. ഡിവിഷനിൽ മറയൂർ റേഞ്ചിലെ മറയൂർ, നാച്ചി വയൽ, കാന്തല്ലൂർ റേഞ്ചിലെ പയസ് നഗർ, വണ്ണാന്തുറൈ എന്നീ സ്റ്റേഷനുകളിൽ സേവനമനുഷ്ഠിക്കുന്ന ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരാണ് സ്റ്റേഷൻ ചാർജുള്ള ഡപ്യൂട്ടി റേഞ്ച് ഓഫീസർമാർക്ക് അവധി അപേക്ഷ നല്കിയിരിക്കുന്നത്. മൂന്നാർ ഡി.എഫ്.ഒ ക്കാണ് ജീവനക്കാരുടെ സ്ഥലമാറ്റ ഉത്തരവിറക്കുന്നതിന്റെ ചുമതലയുള്ളത്. 2019 ഫെബ്രുവരി 11നാണ് മുൻപ് സ്ഥലമാറ്റ ഉത്തരവ് മൂന്നാർ ഡി.എഫ്.ഒ ഇറക്കിയത്. 19 ന് വീണ്ടും ഉത്തരവ് പുതുക്കി പുറത്തിറക്കി. അതിന് ശേഷം ആറു മാസം കഴിഞ്ഞിട്ടും പുതിയ ഉത്തരവ് ഇറക്കിയിട്ടില്ല എന്ന് ജീവനക്കാർ പറയുന്നു. ഇറക്കിയ ഉത്തരവിലെ പലരും മറയൂരിലെത്തിയതുമില്ല.ഒരു വർഷം പൂർത്തികരിച്ചവർ മുതൽ18 മാസം വരെ സേവനമനുഷ്ഠിച്ച 25 ലധികം ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർ ഇവിടെ ജോലി ചെയ്തുവരുന്നു.ഇവരിൽ പലരും ജോലി ഭാരത്തിനാലും ഉറക്കക്കുറവിനാലും മാനസീകമായി തകർന്ന നിലയിലാണ്. ചന്ദനമോഷണം വ്യാപകമായതോടു കൂടി മറയൂർ കേന്ദ്രമായി മറയൂർ സാൻഡൽ ഡിവിഷൻ 2005 ൽ പുതിയതായി രൂപികരിച്ചത്. ഒരു ലക്ഷത്തിലധികം ചന്ദനമരങ്ങൾ ഉണ്ടായിരുന്ന മറയൂർ ചന്ദനക്കാടുകളിൽ വ്യാപകമായി മോഷണം തടയുന്നതിന് ഒരു ഡി.എഫ്.ഒ, രണ്ടു റേഞ്ച് ഓഫിസർമാരുടെയും നേതൃത്വത്തിൽ ഇരുനൂറിലധികം വനപാലകരെയാണ് ചന്ദനസംരക്ഷണത്തിന് പുതിയതായി നിയമിക്കപ്പെട്ടത്. സംരക്ഷണ ജോലി കാഠിന്യമേറിയതിനാൽ ഇവിടെ നിയമിക്കപ്പെടുന്ന ബീറ്റ് ഫോസ്റ്റ് ഓഫീസർമാരെ ഒരു വർഷത്തെ സേവനത്തിനു ശേഷം സ്ഥലം മാറ്റുമെന്ന ഉറപ്പും ജീവനക്കാർക്ക് വനം വകുപ്പ് നല്കിയിരുന്നു.എന്നാൽ പലപ്പോഴും ഈ ഉത്തരവ് സമയാസമയങ്ങളിൽ ഇറങ്ങാറുമില്ല. ഇറങ്ങിയാൽ തന്നെ സ്വാധീനത്താൽ അട്ടിമറിക്കപ്പെടുന്നതായി ജീവനക്കാർ പറയുന്നു. ജീവനക്കാർക്ക് രണ്ട് സംഘടനകൾ ഉണ്ടെങ്കിലും ഇവരും ജീവനക്കാരുടെ ഇത്തരം പ്രശ്നങ്ങളിൽ ഇടപെടാറില്ല എന്ന് ജീവനക്കാർ പറയുന്നു.പുതിയ സ്ഥലം മാറ്റ ഉത്തരവ് പുറത്തിറക്കി അത് നടപ്പിലാക്കണമെന്നതാണ് ബീറ്റ് ഓഫിസർമാരുടെ ആവശ്യം.