fff
പെരുമ്പിള്ളിച്ചിറ അൽഅസ്ഹർ ബി.എഡ് കോളജിലെ വിദ്യാർഥികളുടെ നേതൃത്വത്തിൽ നടത്തിയ ഫുഡ്‌ഫെസ്റ്റ്.

തൊടുപുഴ: മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങാവാൻ ഫുഡ് ഫെസ്റ്റ് നടത്തി വിദ്യാർഥികൾ . പെരുമ്പിള്ളിച്ചിറ അൽഅസ്ഹർ ബി.എഡ് കോളജിലെ വിദ്യാർഥികളാണ് ഫുഡ്‌ഫെസ്റ്റ് സംഘടിപ്പിച്ച് സാന്ത്വന പ്രവർത്തനത്തിൽ പങ്കാളികളായത്. തങ്ങളുടെ വീടുകളിൽ തയാറാക്കിയ ഭക്ഷണപദാർഥങ്ങൾ കോളജ് കോമ്പൗണ്ടിലെ തട്ടുകടയിൽ സജ്ജീകരിച്ച് വിപണനം നടത്തിയാണ് ദുരിതബാധിതരെ സഹായിക്കുന്നതിന് ഇവർ പണം സ്വരൂപിച്ചത്. കപ്പയും ബീഫും, ചിക്കൻബിരിയാണി, പിടി, അപ്പം, കോഴിക്കറി തുടങ്ങി ഒട്ടേറെ വിഭവങ്ങൾ തട്ടുകടയിൽ ഒരുക്കിയിരുന്നു. മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് സംഘാടകരായ വിദ്യാർഥികൾ പറഞ്ഞു. ഇന്നലെ രാവിലെ ആരംഭിച്ച പ്രദർശന വിപണന മേളയിലെ വിഭവങ്ങൾ മണിക്കൂറുകൾക്കകം തന്നെ വിറ്റുപോയി. വിദ്യാർഥികൾക്ക് ഐക്യദാർഢ്യവുമായി അദ്ധ്യാപകരും രംഗത്തുണ്ടായിരുന്നു. പരിപാടിയോടനുബന്ധിച്ച് മെഹന്തിയിടലും സജ്ജമാക്കിയിരുന്നു. പത്ത് രൂപയാണ് ഇതിനായി ഫീസ് ഏർപ്പെടുത്തിയത്. ഇതിൽ നിന്ന് ലഭിച്ച തുകയും ചേർത്ത് ദുരിതാശ്വാസത്തിനായി നൽകുമെന്ന് വിദ്യാർഥികൾ പറഞ്ഞു.