തൊടുപുഴ: മലങ്കര ടൂറിസം പദ്ധതിയുടെ ഭാഗമായി വിഭാവനം ചെയ്ത കുട്ടികളുടെ പാർക്കിന്റെ നിർമ്മാണം നടക്കുന്നത് ഒച്ചിഴയും വേഗത്തിൽ. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിനാണ് നിർമ്മാണചുമതല. കുട്ടികളുടെ പാർക്കിനായി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ 25 ലക്ഷം രൂപ അനുദിച്ചിട്ട് രണ്ട് വർഷമാകുന്നു. ഇരുപതിൽപ്പരം ചാരു ബഞ്ചുകൾ, കളിയൂഞ്ഞാൽ, മറ്റു കളിയുപകരണങ്ങൾ എന്നിവ സ്ഥാപിച്ചു. കൂടാതെ, പാർക്ക് മുതൽ എൻട്രൻസ് പ്ളാസയുടെ ഭാഗത്തേക്ക് ടൈൽ വിരിച്ച് പച്ച പ്പുൽ നട്ടുവളർത്തി നടപ്പാതയും നിർമ്മിച്ചു. എന്നാൽ പിന്നീട് ഒന്നും നടന്നില്ല. പദ്ധതിയുടെ ഭാഗമായിട്ടുളള എൻട്രൻസ് പ്ളാസയുടെ നിർമ്മാണം പൂർത്തിയായെങ്കിലും ഉദ്ഘാടനം വൈകുകയാണ്.
സർക്കാർ ഏജൻസിയായ ഹാബിറ്റാറ്റിനായിരുന്നു എൻട്രൻസ് പ്ളാസയുടെ നിർമാണ ചുമതല. മൂന്ന് കോടി രൂപയുടേതാണ് ഫണ്ട്. കരാർ പ്രകാരം എൻട്രൻസ് പ്ളാസയുടെ നിർമ്മാണം അവർ പൂർത്തിയാക്കി സംസ്ഥാന ടൂറിസം വകുപ്പിന് കൈമാറാനുള്ള കരാർ ഒരു വർഷം മുമ്പ് അവസാനിച്ചതുമാണ്. മലങ്കര ടൂറിസം പദ്ധതിക്കായി ടൂറിസം വകുപ്പ് ആദ്യം നാല് കോടിയും പിന്നീട് 26 കോടി രൂപയും വക കൊള്ളിച്ചിരുന്നു. മുട്ടം, മലങ്കര പ്രദേശങ്ങളുടെ പ്രതിച്ഛായ തന്നെ മാറ്റുന്നതും നിരവധിപ്പേർക്ക് തൊഴിൽ ലഭിക്കുന്നതുമായ പദ്ധതിയുടെ നിർമ്മാണം പൂർത്തിയാക്കി ഉടൻ നാടിന് സമർപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കുട്ടികളുടെ പാർക്കും എൻട്രൻസ് പ്ളാസയും കാണുക എന്ന ലക്ഷ്യത്തോടെ ദിവസേന പ്രത്യേകിച്ച് അവധി ദിവസങ്ങളിൽ അനേകം ആളുകൾ മലങ്കരയിൽ എത്താറുണ്ട്. വാഗമൺ, ഇലവീഴാപൂഞ്ചിറ, തൊമ്മൻ കുത്ത് വെളളച്ചാട്ടം, മൂന്നാർ, ഇല്ലിക്ക കല്ല് എന്നിവിടങ്ങളിലേയ്ക്കുള്ള വിനോദ സഞ്ചാരികൾ മലങ്കരയിൽ എത്താറുണ്ടെങ്കിലും നിരാശയോടെ മടങ്ങുകയാണ് പതിവ്.
സംസ്ഥാനത്തെ മറ്റിടങ്ങളിൽ നിന്ന് വ്യത്യസ്തമായി ദുബായ് മോഡലിലുള്ള എൻട്രൻസ് പ്ളാസയാണ് മലങ്കരയിൽ ഒരുങ്ങുന്നത്. 400 പേർക്ക് ഇരിക്കാവുന്ന മിനി ആഡിറ്റോറിയം, കരകൗശല വസ്തുക്കൾ വാങ്ങാനും വിൽക്കാനുമുള്ള സൗകര്യം, ആധുനിക ശൗചാലയം, സ്നാക്സ് ആന്റ് കോഫി ബൂത്ത്, ടിക്കറ്റ് കൗണ്ടർ, മ്യൂസിയം, ഇൻഫർമേഷൻ സെൽ തുടങ്ങിയ സംവിധാനങ്ങളാണ് ഇവിടെ വിഭാവനം ചെയ്തിരിക്കുന്നത്..
ഇതുകൂടാതെ കേന്ദ്ര ടൂറിസം മന്ത്രാലയവും സംസ്ഥാന ടൂറിസം വകുപ്പും സംയുക്തമായി നൂറ് കോടി രൂപയുടെ വികസന പദ്ധതികളും അടുത്തിടെ പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷെ, ഇതെല്ലാം എതുകാലത്ത് നടപ്പിലാകുമെന്ന ആശങ്കയിലാണ് നാട്ടുകാരും വിനോദ സഞ്ചാരികളും.