തൊടുപുഴ: ഹരിതകേരള മിഷന്റെ നേതൃത്വത്തിലുള്ള പ്ലാസ്റ്റിക് വിമുക്ത പദ്ധതി ജില്ലയിൽ പച്ചപിടിക്കുന്നില്ല. പദ്ധതിയെക്കുറിച്ച് അവബോധമില്ലാത്ത ജനങ്ങളുടെ നിസഹകരണവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കാര്യക്ഷമതയില്ലാത്തതുമാണ് പ്രശ്നമാകുന്നത്. ഓരോ വീടുകളിലും ഹരിത കർമ സേന കയറിയിറങ്ങുന്നുണ്ടെങ്കിലും പ്ലാസ്റ്റിക് ലഭിക്കുന്നില്ല. യൂസർ ഫീസ് നൽകാനുള്ള മടിയാണ് പ്രധാന കാരണം. പകരം വീടുകൾക്ക് സമീപം പ്ലാസ്റ്റിക് കത്തിച്ചു കളയുകയാണ്. പ്ലാസ്റ്റിക് കത്തിക്കുന്നതിന്റെ ദൂഷ്യഫലങ്ങൾ മനസിലാകാത്തതാണ് കാരണം. ഹരിത സേനാംഗങ്ങൾക്ക് പ്ലാസ്റ്റിക് വൃത്തിയാക്കി നൽകണമെന്ന നിബന്ധനയുള്ളതിനാൽ ജനം പ്ലാസ്റ്റിക് നൽകാൻ മടിക്കുന്നു. പല തദ്ദേശസ്ഥാപനങ്ങളിലും ശേഖരിക്കുന്ന മാലിന്യങ്ങൾ സൂക്ഷിക്കാനുള്ള ഇടമില്ല. ചിലയിടങ്ങളിൽ കെട്ടിടം നിർമിച്ചിട്ടുണ്ടെങ്കിലും ഉദ്ഘാടനം കാത്തുകിടക്കുന്നു.
ഹരിത കർമ സേനയുടെ പ്രവർത്തനത്തിന് ആവശ്യമായ തുക കരാറുകാർക്ക് നൽകുന്ന ഷ്രെഡ് ചെയ്ത പ്ലാസ്റ്റിക്കിൽ നിന്നും പ്ലാസ്റ്റിക് ശേഖരിക്കുേമ്പാൾ ലഭിക്കുന്ന യൂസർ ഫീസിനത്തിൽ നിന്നുമാണ് കണ്ടെത്തേണ്ടത്. എന്നാൽ സേനയുടെ പ്രവർത്തനത്തിനാവശ്യമായ തുക ലഭിക്കാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നു.
ബോധവത്കരണം നടത്തും
''പ്ലാസ്റ്റിക്ക് കത്തിക്കുന്നതിന്റെ ദൂഷ്യവശവും സംസ്കരിക്കേണ്ടതിന്റെ ആവശ്യകതയും ജനങ്ങൾക്ക് ബോദ്ധ്യമാകാത്തതാണ് യഥാർത്ഥ പ്രശ്നം. ഇതിന് കിലയുടെയും ഹരിതകേരള മിഷന്റെയും നേതൃത്വത്തിൽ പഞ്ചായത്തുകളിലെയും നഗരസഭകളിലെയും എല്ലാ വാർഡുകളിലെയും നൂറ് പേർക്ക് വീതം സെപ്തംബർ രണ്ട് മുതൽ ബോധവത്കരണ ക്ലാസ് നടത്തും. "
- എം.ആർ. മനോഹർ
(റിസോഴ്സ് പേഴ്സൺ, ഹരിതകേരള മിഷൻ)
പദ്ധതി ഇങ്ങനെ
ആറ് മാസം മുമ്പാണ് ഹരിതകർമ സേനയുടെ പ്രവർത്തനം ആരംഭിച്ചത്. ഒരു വാർഡിൽ നിന്ന് രണ്ടു പേരെ വീതം ഹരിത കർമ സേനാംഗങ്ങൾ ഓരോ വാർഡിലെയും വീടുകളിൽ നേരിട്ടെത്തിയാണ് പ്ലാസ്റ്റിക് ശേഖരിക്കുന്നത്. ഇതിന് ഓരോ വീടുകളിൽ നിന്നും 30 രൂപ യൂസർ ഫീസായി വാങ്ങുന്നുണ്ട്. ശേഖരിക്കുന്ന മാലിന്യങ്ങൾ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി (എം.സി.എഫ്) സെന്ററിൽ തരംതിരിച്ച് സൂക്ഷിക്കും. ഇതിന് ശേഷം റിസോഴ്സ് റിക്കവറി ഫെസിലിറ്റി (ആർ.ആർ.എഫ്) സെന്ററിലെത്തിക്കും. ഇവിടെ ചിലത് റീസൈക്കിൾ ചെയ്തും ബാക്കിയുള്ളവ സംസ്‌കരിച്ച് റോഡ് ടാറിംഗിനായി ഉപയോഗിക്കുകയുമായിരുന്നു ലക്ഷ്യം.