മരണം വൈദ്യുതാഘാതം മൂലമെന്ന് സംശയം
രാജാക്കാട് : ചിന്നക്കനാൽ മുന്നൂറ്റിയൊന്ന് കോളനിയ്ക്ക് സമീപം കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ഏകദേശം 60 വയസ് മതിക്കുന്ന പിടിയാനയുടെ ജഡമാണ് കോളനിയിലെ പുൽമേട്ടിൽ കണ്ടെത്തിയത്. വൈദ്യുതാഘാതമാണ് മരണകാരണമെന്ന് സംശയിക്കുന്നു.
ജഡം കാണപ്പെട്ടതിന് സമീപത്തെ വീട്ടിലെ അംഗങ്ങൾ ഇന്നലെ രാവിലെ കഴുകിയ തുണി പറമ്പിൽ ഉണങ്ങാൻ ഇടുന്നതിനായി ഇറങ്ങിയപ്പോളാണ് ജഡം കണ്ടത്. തുടർന്ന് ഇവർ അറിയിച്ചതു പ്രകാരം വനപാലകർ സ്ഥലത്തെതി. എരണ്ടക്കെട്ട് മൂലമൊ മറ്റ് ആനകളുമായി കുത്തുകൂടിയതോ ആയിരിക്കും മരണകാരണമെന്ന് ആദ്യം സംശയം ഉയർന്നിരുന്നു. എന്നാൽ ജഡം കിടക്കുന്ന പുൽമേട്ടിൽ ആനകൾ തമ്മിൽ ഏറ്റുമുട്ടിയതിന്റെ ലക്ഷണങ്ങൾ ഒന്നുമില്ല. തുമ്പിക്കയുടെ അഗ്രഭാഗത്തും ഒരു വശത്തും മുറിവേറ്റതുപോലുള്ള അടയാളം കാണപ്പെടുന്നുണ്ട്. പ്രദേശത്ത് പരക്കെ കൃഷിയിടങ്ങൾക്ക് ചുറ്റിലും വൈദ്യുത വേലികൾ സ്ഥാപിച്ചിട്ടുണ്ട്. രാത്രികാലങ്ങളിൽ ഇവയിലൂടെ ഉയർന്ന അളവിലുള്ള കരണ്ട് കടത്തിവിടാറുണ്ട്. മുറിവ് വൈദ്യുതാഘാത ഏറ്റതിനെ തുടർന്ന് സംഭവിച്ചതായിരിക്കാം എന്ന് സംശയം ഉയരാൻ ഇതാണ് കാരണം. നാട്ടുകാർ 'സിഗരറ്റ് കൊമ്പൻ' എന്ന് വിളിക്കുന്ന നാല് വയസ് പ്രായമുള്ള മുലകുടിയ്ക്കുന്ന ഒരു കുട്ടി ചരിഞ്ഞ ആനക്കുണ്ട്. സമീപ പ്രദേശത്തായി തള്ളയും കുഞ്ഞും ഉൾപ്പെടെ മറ്റ് അഞ്ച് ആനകൾ നിലയുറപ്പിച്ചിരുന്നത് നടപടികൾ വൈകാൻ കാരണമായി. ഉച്ച കഴിഞ്ഞതോടെ പ്രദേശത്ത് മഴയും ശക്തമായ മഞ്ഞും ആണ് അനുഭവപ്പെട്ടിരുന്നത്.
മൂന്നാർ ഡി. എഫ്. ഒ കണ്ണൻ, ദേവികുളം റേഞ്ച് ഓഫീസർ വി. എസ് സുനിൽ, വനം വകുപ്പ് വെറ്ററിനറി സർജ്ജൻ ഡോ. നിഷ, ചിന്നക്കനാൽ പി. എച്ച്. സിയിലെ ഡോ. അനുപമ അബ്രഹാം എന്നിവർ എത്തി പരിശോധന നടത്തി. പ്രതികൂല കാലാവസ്ഥയും നേരം വൈകിയതും മൂലം പോസ്റ്റ്‌മോർട്ടം നടത്തുന്നത് ഇന്നത്തേക്ക് മാറ്റിവച്ചിരിക്കുകയാണ്. ബീറ്റ് ഫോറസ്റ്റർ പി. ടി എൽദോയുടെയും മറ്റ് വനപാലകരുടെയും നേതൃത്വത്തിൽ ജഡത്തിന് കാവൽ ഏർപ്പെടുത്തിയിരുന്നു.