കുമളി: പാമ്പനാർ ശ്രീനാരായണ ട്രസ്റ്റ് ആർട്‌സ് ആൻഡ് സയൻസ് കോളേജിനെ തകർക്കാനുള്ള രാഷ്ട്രീയ പാർട്ടികളുടെ ആസൂത്രിത നീക്കത്തിൽ നിന്ന്, കണ്ണിലെ കൃഷ്ണമണി പോലെ കലാലയത്തെ കാത്തുസൂക്ഷിക്കാൻ ആയിരക്കണക്കിന് ശ്രീനാരായണീയർ ഒരുമിച്ച് അണിനിരന്നു. കോരിച്ചൊരിയുന്ന മഴയിലും സ്ത്രീകളും കുട്ടികളും വൃദ്ധരുമടക്കം ആവേശമൊട്ടും ചോരാതെ കോളേജിനെ തകർക്കാനുള്ള എസ്.എഫ്.ഐയുടെ ഗൂഢനീക്കത്തിനെതിരെ ശക്തമായി പ്രതിഷേധിച്ചു. ഉച്ചയ്ക്ക് രണ്ടരയോടെ പഴയ പാമ്പനാറിൽ നിന്ന് ആരംഭിച്ച കൂറ്റൻ പ്രകടനം കോളേജിന്റെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവർക്കുള്ള താക്കീതമായി മാറി. ജില്ലയിലെ വിവിധ യൂണിയനുകളിൽ നിന്നുള്ള ആയിരണക്കിന് പ്രവർത്തകർ പങ്കെടുത്ത പ്രകടനം അക്ഷരാർത്ഥത്തിൽ ജില്ലയിലെ ശ്റീനാരായണീയരുടെ സംഘശക്തി പ്രകടപ്പിക്കുന്നതായി മാറി. പുതിയ പാമ്പനാറിൽ നടന്ന പ്രതിഷേധപൊതുസമ്മേളനം എസ്.എൻ.ഡി.പി യോഗം കൗൺസിലറും എസ്.എൻ ട്രസ്റ്റ് എക്സിക്യൂട്ടീവ് മെമ്പറുമായ എ.ജി തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. എസ്.എൻ.ഡി.പി യോഗം അസി. സെക്രട്ടറിയും കോളേജ് സംരക്ഷണ സമിതി ചെയർമാനുമായ കെ.ഡി. രമേശ് അദ്ധ്യക്ഷത വഹിച്ചു.
പാമ്പനാർ എസ്.എൻ കോളേജ് തകർക്കാൻ എസ്.എഫ്.ഐ നടത്തുന്ന നീക്കത്തിന് ചുക്കാൻ പിടിക്കുന്ന രാഷ്ട്രിയ നേതാക്കൾ വിവേകപരമായി ചിന്തിക്കണമെന്ന് കെ. ഡി. രമേശ് പറഞ്ഞു. കോളേജ് തുറന്ന് പ്രവർത്തിക്കാനുള്ള സാഹചര്യം ഉണ്ടായില്ലെങ്കിൽ കേരളത്തിലെ എല്ലാ യൂണിയനുകളെയും പങ്കെടുപ്പിച്ച് കോളേജിനെ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. പീരുമേട് യൂണിയൻ പ്രസിഡന്റും ആർ.ഡി.സി കൺവീനറുമായ സി.എ. ഗോപി വൈദ്യർ സമരത്തെ കുറിച്ച് വിശദീകരിച്ചു. പീരുമേട് യൂണിയൻ സെക്രട്ടറി കെ.പി. ബിനു, യോഗം അസി. സെക്രട്ടറി ജയേഷ്, മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ, നെടുങ്കണ്ടം യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത്, ഹൈറേഞ്ച് യൂണിയൻ പ്രസിഡന്റ് ബാബു ഇടയാടിക്കുഴി, യോഗം ഇൻസ്പെപെക്ടിംഗ് ഓഫീസർ അഡ്വ. പി.ആർ. മുരളിധരൻ, മലനാട് യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ, തൊടുപുഴ യൂണിയൻ കൺവീനർ ഡോ. കെ. സോമൻ, ഹൈറേഞ്ച് യൂണിയൻ സെക്രട്ടറി ജി. രാജ്, നെടുങ്കണ്ടം യൂണിയൻ വൈസ് പ്രസിഡന്റ് കല്ലാർ രമേശ്, ഹൈറേഞ്ച് യൂണിയൻ വൈസ് പ്രസിഡന്റ് ലാലിറ്റ് എസ്. തകിടിയേൽ, യോഗം യൂത്ത് മൂവ്മെന്റ് കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സജീഷ് മണലേൽ, ഷാജി കല്ലാറയിൽ, പീരുമേട് യൂണിയൻ വൈസ് പ്രസിഡന്റ് പി.കെ. രാജൻ, പീരുമേട് യൂണിയൻ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് വിനോദ് ശിവൻ, സെക്രട്ടറി വി.എസ്. സുനീഷ്, യൂണിയൻ വനിതാ സംഘം പ്രസിഡന്റ് സരോജിനി ജയചന്ദ്രൻ എന്നിവർ സംസാരിച്ചു.
പാമ്പനാർ ശ്രീനാരായണ ട്രസ്റ്റ് ആർട്‌സ് ആൻഡ് സയൻസ് കോളേജിനെ തകർക്കാനുള്ള രാഷ്ട്രീയ പാർട്ടികളുടെ ആസൂത്രിത നീക്കത്തിൽ പ്രതിഷേധപ്രകടനം നടത്തുന്ന ശ്രീനാരായണീയർ
. കോരിച്ചൊരിയുന്ന മഴയിൽ പ്രതിഷേധയോഗത്തിൽ പങ്കെടുക്കുന്ന ശ്രീനാരായണീയർ