ഏലപ്പാറ :ചിന്നാറിന് സമീപം ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. കോട്ടയത്ത് നിന്ന് കട്ടപ്പനക്ക് വന്ന പാഴ്‌സൽ ലോറിയാണ് മറിഞ്ഞത്. ഇന്നലെ ഉച്ചക്ക് ഒരു മണിക്കാണ് അപകടം ഉണ്ടായത്. കോട്ടയത്ത് നിന്ന് കട്ടപ്പനയിൽ പഴ്‌സൽ എത്തിക്കുന്ന സ്വകാര്യ കമ്പിനിയുടെ ഉടസ്ഥതയിലുള്ള ലോറിയാണ് അപകടത്തിൽ പെട്ടത്. ഏലപ്പാറ കഴിഞ്ഞ് ചിന്നാറിനുള്ള ഇറക്കം ഇറങ്ങി വന്ന പാഴ്‌സൽ ലോറി വളവ് തിരിയുന്നതിനിടയിൽ ഡ്രൈവർ ബ്രേക്ക് ചവിട്ടിയപ്പോൾ ബ്രേക്ക് നഷ്ടപ്പെട്ടതായി മനസിലായി. ഡ്രൈവർ മനസാന്നിദ്ധ്യം കൈവിടാതെ ലോറി തിട്ടയിൽ ഇടിപ്പിച്ചു. തിട്ടയിൽ ഇടിച്ച ലോറി റോഡിലേക്ക് മറിഞ്ഞു. ലോറിയിലുണ്ടായിരുന്ന ഡ്രൈവറും സഹായിയും ക്യാബിനിൽ കുടുങ്ങി. പിന്നാലെ എത്തിയ ബസിലെ യാത്രക്കാരും ജീവനക്കാരും ചേർന്ന് ഇരുവരെയും രക്ഷപ്പെടുത്തി. ലോറിയുടെ മുൻവശം തകർന്നിട്ടുണ്ട്. ഡ്രൈവർക്കും സഹായിക്കും കാര്യമായ പരിക്കില്ല.