മറയൂർ: മറയൂർ ടൗണിന് സമീപം യുവാക്കൾ സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ട് പരിക്ക്. മറയൂർ പട്ടിക്കാട് മണി (19), സുധി എന്നിവർക്കാണ് ബൈക്ക് കനാലിലേക്ക് മറിഞ്ഞ് സാരമായി പരിക്കേറ്റത്. മറയൂർ ടൗണിൽ നിന്ന് മേലാടി ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കാണ് മറയൂർ അരുണാക്ഷിയമ്മൻ ക്ഷേത്രത്തിന് സമീപത്തുള്ള കനാലിലേക്ക് നിയന്ത്രണംവിട്ട് മറിഞ്ഞത്. കനാലിൽ വീണു കിടന്ന യുവാക്കളെ സമീപത്തുണ്ടായിരുന്ന വ്യാപാരസ്ഥാപനങ്ങളുടെ ഉടമകളായ പി.ആർ. സുനിൽ, ശ്രീജേഷ് ഭാസ്‌കർ എന്നിവർ മറ്റ് യുവാക്കളുടെ സഹായത്തോടെ സഹായഗിരി ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. പരിക്ക് ഗുരുതരമായതിനാൽ യുവാക്കളെ വിദഗ്ദ്ധ ചികിത്സയ്ക്കായി തമിഴ്‌നാട്ടിലെ ഉദുമലപേട്ടയിൽ എത്തിച്ചു.