മൂലമറ്റം :കെ എസ്. ആർ.ടി.സി. യുടെ മൂലമറ്റം ഡിപ്പോ അടച്ചു പൂട്ടാൻ നീക്കമെന്ന് സംശയം.ഇതിന്റെ ഭാഗമായി മൂലമറ്റം ഡിപ്പോയിൽ നിന്ന് പുറപ്പെടുന്ന പല അന്തർ സംസ്ഥാന സർവ്വീസുകളും ഗ്രാമീണ സർവ്വീസുകളും അധികൃതർ വെട്ടിക്കുറക്കുന്നതായി യാത്രക്കാർ പറഞ്ഞു.മുപ്പതോളം സർവീസുകൾ ഉണ്ടായിരുന്ന മൂലമറ്റം ഡിപ്പോയിൽ നിന്ന് കഴിഞ്ഞ ഏതാനും ദിവസത്തിനുള്ളിൽ പത്തിലേറെ സർവീസുകളാണ് വെട്ടിക്കുറച്ചത്. ഇതു കൂടാതെ മൂന്ന് ബസുകൾ കോട്ടയം ജില്ലയിലെ വിവിധ ഡിപ്പോകളിലേക്ക് മാറ്റുകയും ചെയ്തു. എതാനും മാസം മുൻപ് ഇവിടെ നിന്ന് തൊടുപുഴ ഡിപ്പോയിലേയ്ക്ക് കൊണ്ടുപോയ ബസ് ഇതുവരെയും തിരികെയെത്തിച്ചിട്ടില്ല.ബസുകൾ മറ്റു ജില്ലകളിലേക്ക് വിട്ടുനൽകിയും സർവീസുകൾ വെട്ടിക്കുറച്ചും മൂലമറ്റം ഡിപ്പോ നിർത്താനുള്ള ശ്രമമാണിപ്പോൾ നടക്കുന്നതെന്ന് കെ എസ് ആർ ടി സി യുടെ വിവിധ സംഘടനാ നേതാക്കളും പറയുന്നു

. ഗ്രാമീണ മേഖലയിലെ ഗതാഗത പ്രശ്നം പരിഹരിക്കുന്നതിനായി സ്വകാര്യ ബസുകളിൽ നിന്നും ഏതാനും ടേക്ക് ഓവർ സർവീസുകൾ കെ.എസ്.ആർ.ടി.സി. ഏറ്റെടുത്തിരുന്നു. എന്നാൽ ഈ സർവീസുകൾ പോലും മുടങ്ങാതെ നടത്താൻ അധികൃതർ തയ്യാറാകുന്നില്ലെന്നും പരാതിയുണ്ട്.

സ്വകാര്യ ബസുകളെ സഹായിക്കാനാണ് പല സർവീസുകളും മുടക്കുന്നതെന്നും ആരോപണമുണ്ട്.കെ.എസ്.ആർ.ടി.സി. ഏറ്റെടുത്ത ടേക്ക് ഓവർ സർവീസുകൾ മുടങ്ങാതെ നടത്തിയില്ലെങ്കിൽ ഈ റൂട്ട് സ്വകാര്യ ബസിന് തിരികെ നൽകണമെന്നാണ് വ്യവസ്ഥ

.ഗ്രാമീണ മേഖലകളിലേക്കും പട്ടിക വിഭാഗക്കാർ അധിവസിക്കുന്ന മേഖലകളിലേക്കും ഇവിടെ നിന്ന് സ്ഥിരമായി സർവ്വീസുകൾ മുടക്കുന്നതിൽ പ്രതിഷേധിച്ച് ജനപ്രതിനിധികൾ ഉൾപ്പടെയുളളവർ ഡിപ്പോയിലേക്ക് സമര പരിപാടികളും ധർണ്ണകളും നടത്തുന്നതും പതിവാണ്. ഇതിനിടെ മൂലമറ്റത്തെ ഏതാനും ബസുകൾ കട്ടപ്പുറത്തായതും ഡിപ്പോയുടെ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്.മറ്റ് ഡിപ്പോകളെ അപേക്ഷിച്ച് ഇവിടേക്ക് സ്പെയർ പാർട്സുകൾ ആവശ്യത്തിന് ലഭിക്കുന്നുമില്ല.സ്പെയർ പാർട്സുകൾ അനുവദിച്ച് തരാൻ നിരവധി പ്രാവശ്യം മേലധികാരികൾക്ക് അറിയിപ്പ് നൽകിയാലും മൂലമറ്റം ഡിപ്പോയിലേക്ക് സ്പെയർ പാർട്സുകൾ എത്തിക്കുന്ന കാര്യത്തിൽ അധികൃതർക്ക് എപ്പോഴും ഉദാസീനതയാണ്.ഇത് മൂലമറ്റം ഡിപ്പോ പടി പടിയായി നിർത്തലാക്കാനുളള ഗൂഢശ്രമമാണെന്നാണ് ജീവനക്കാർ പറയുന്നത്. ഡിപ്പോ നിർത്തലാക്കാനുള്ള നീക്കത്തിനെതിരെ വിവിധ രാഷ്ട്രീയ പാർട്ടികൾ സമരം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

​​​ഡിപ്പോയുടെ പ്രവർത്തനം നിർത്തലാക്കുന്ന കാര്യത്തിൽ ഔദ്യോഗിക നിർദ്ദേശങ്ങളൊന്നും ഇത് വരെ വന്നട്ടില്ല.അടച്ച് പൂട്ടൽ ഭീഷണിയെന്ന് ജനം പറയുന്നത് സംബന്ധിച്ച് അറിയില്ല..

കെ.എസ്.ആർ.ടി.സി. അധികൃതർ മൂലമറ്റം