മുട്ടം: മലങ്കര ജലാശയത്തിന് സമീപത്തെ ബോട്ട് ജെട്ടിയിൽ കാവൽക്കാരനും ഗേറ്റുമില്ലാത്തത് അപകടത്തിനിടയാക്കുന്നു. ഇതേ തുടർന്ന് ഇവിടെത്തുന്ന കുട്ടികളടക്കമുള്ളവർ ഡാമിലേക്കിറങ്ങുക പതിവായി. ജലാശയത്തിന്റെ അപകടാവസ്ഥ അറിയാതെയാണ് പലരും വെള്ളത്തിലിറങ്ങുന്നത്. വർഷങ്ങൾക്ക് മുമ്പാണ് ഇവിടെ ബോട്ട് ജെട്ടി സ്ഥാപിച്ചത്. ടൂറിസത്തിന്റെ ഭാഗമായെത്തിച്ച സ്പീഡ് ബോട്ടിൽ കയറുന്നതിനും ഇറങ്ങുന്നതിനുമായിരുന്നു ഇതിന്റെ നിർമാണം. ജലനിരപ്പ് താഴുമ്പോഴും ബോട്ടിൽ കയറുന്നതിനായി വെള്ളത്തിലേക്കിറക്കി നിരവധി പടവുകളും നിർമിച്ചിരുന്നു. എന്നാൽ പിന്നീട് സ്പീഡ് ബോട്ട് സർവീസ് നിലച്ചു. അടുത്ത കാലത്തായി ബോട്ട് ജെട്ടിയോട് ചേർന്ന് കുട്ടികളുടെ പാർക്കും മറ്റും സ്ഥാപിച്ചിരുന്നു. ഇവിടെയെത്തുന്നവർ ബോട്ട് ജെട്ടിയിലൂടെ വെള്ളത്തിലിറങ്ങി ഫോട്ടോയെടുക്കുകയും കുളിക്കുകയും മറ്റും പതിവായി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഡാമിൽ ജലനിരപ്പ് താഴ്ത്തി. ഇതേ തുടർന്ന് പടവുകളിലൂടെ ഇറങ്ങുന്ന കുട്ടികളുൾപ്പെടെയുള്ളവർ വെള്ളമില്ലാത്ത ഭാഗത്തെ ചെളിയിലേക്കാണിറങ്ങുന്നത്. ഇത് പലപ്പോഴും അപടകടത്തിനിടയാകാൻ സാധ്യതയുണ്ട്. നിലവിലെ അവസ്ഥയിൽ വെള്ളത്തിലിറങ്ങിയാൽ ചെളിയിൽ താഴ്ന്ന് പോവുകയും ചെയ്യും. കഴിഞ്ഞ ദിവസം ഡാമിനോട് ചേർന്നുള്ള റൈഫിൾ ക്ലബ്ബിൽ ഷൂട്ടിങ് ചാമ്പ്യൻഷിപ്പിനെത്തിയ കുട്ടികൾ ജലാശയത്തിലേക്കിറങ്ങിയിരുന്നു.സ്ഥല പരിചയമില്ലാത്ത ഇവരെ സമീപവാസികളിടപെട്ടാണ് കരക്ക് കയറ്റിയത്.