രാജാക്കാട് : മൂന്നാറിലെ റോഡുകളുടെ ശോചനീയവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കെ. പി. സി. സി വൈസ് പ്രസിഡന്റ് എ. കെ മണി മൂന്നാർ ടൗണിൽ സൂചനാ കുത്തിയിരിപ്പ് സമരം നടത്തി. ഫ്‌ളെക്സ് ബോർഡു മായി കാൽനടയായി എത്തി വാഹനങ്ങൾ കടന്നുപോകുന്ന ഭാഗത്ത് കുത്തിയിരിക്കുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ പ്രവർത്തകർ ഒപ്പം ചേർന്നു. വാഹനങ്ങൾ കടന്നുപോകുന്നതിന് തടസ്സം സ്യഷ്ടിക്കാതെ നടത്തിയ സമരത്തിന് വൻ ജനപിൻതുണയാണ് ലഭിച്ചത്. പൊലീസ് എത്തി പിൻതിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അരമണിക്കൂറോളം എ. കെ മണി റോഡിൽ കസേരയിട്ട് കുത്തിയിരുന്നു. പ്രശ്നങ്ങൾ രമ്യമായി പരിഹരിച്ചില്ലെങ്കിൽ ഇപ്പോൾ നടത്തിയ സൂചന സമരം കിടപ്പ് സമരമായി മാറുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രളയം കഴിഞ്ഞ് ഒരുവർഷം പിന്നിട്ടിട്ടും മൂന്നാറിലെ അന്തർസംസ്ഥാപാതയും ദേശീയപാതയും ഇപ്പോഴും കുണ്ടും കുഴിയുമായി ചെളിവെള്ളം കെട്ടിക്കിടക്കുകയാണ്. മൂന്നാർ സൈലന്റുവാലി റോഡിന്റയും സ്ഥിതി മറ്റൊന്നല്ല. ആയിരക്കണക്കിന് തൊഴിലാളികൾ താമിക്കുന്ന റോഡിന്റെ ആദ്യഘട്ട പണികൾ പോലും ആരംഭിക്കാതെവന്നതോടെ ഗതാഗതം പൂർണ്ണമായി നിലച്ചിരിക്കുകയാണ് . തൊഴിലാളികൾ പലരും കാട്ടുപാതകളിലൂടെയാണ് വീടുകളിൽ എത്തുന്നത്.