dam

രാജാക്കാട് : ഹൈറേഞ്ചിന്റെ കുട്ടനാട് എന്നറിയപ്പെടുന്ന മുട്ടുകാട് പാടശേഖരത്തിൽ ജലസേചനം നടത്തുന്നതിനായി ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച ചെക്ക് ഡാം കൊണ്ട് കർഷകർക്ക് പ്രയോജനം ലഭിക്കുന്നില്ല. തടയണ ഇപ്പോൾ കുട്ടികളുടെ കളിസ്ഥലമായി മാറി. വർഷത്തിൽ രണ്ട് തവണ. കൃഷിയിറക്കിയിരുന്ന പാടശേഖരം വേനലിൽ ഉണങ്ങുകയും ഒരു കൃഷിയിലേയ്ക്ക് ചുരുങ്ങുകയും ചെയ്തതോടെയാണ് കർഷകരുടെ ആവശ്യം പരിഗണിച്ച് മുപ്പത് വർഷം മുൻപ് പാടശേഖരത്തിന്റെ മുകൾഭാഗത്ത് തടയണ നിർമ്മിച്ചത്. മഴക്കാലത്ത് വെള്ളം സംഭരിച്ച്നിർത്തി വേനൽക്കാലത്ത് ഓവുചാലിലൂടെയും, സമീപത്തെ തോട്ടിലൂടെയും പാടത്ത് എത്തിക്കായിരുന്നു പദ്ധതിയിട്ടത്. മഴക്കാലത്ത് അനിയന്ത്രിതമായി ഒഴുകിയെത്തുന്ന വെള്ളം തടഞ്ഞുനിർത്തി പാടങ്ങൾ മുങ്ങുന്നത് തടയുകയെന്നതും പദ്ധതിയുടെ ലക്ഷ്യമായിരുന്നു. ഏതാനും മാസം ജലസേചനം നടത്തിയെങ്കിലും നിർമ്മാണത്തിലെ പിഴവുകൾ മൂലം വൈകാതെ കെട്ട് ചോരുവാൻ ആരംഭിക്കുകയും, സംഭരണ ശേഷി നഷ്ടപ്പെടുകയും ചെയ്തു. വെള്ളം സംഭരിക്കാൻ കഴിയാതെ ദീർഘകാലം പാഴായിക്കിടന്നതിനെ തുടർന്ന് സംരക്ഷണഭിത്തി ചിലർ പൊളിച്ച് മാറ്റുകയും ചെയ്തു. ആർക്കും വേണ്ടാതെ കിടന്നിരുന്ന ചെക്ക് ഡാം ഇതോടെ കുട്ടികൾ കളിസ്ഥലമാക്കി മാറ്റുകയായിരുന്നു. ഇതേസമയം വെള്ളപ്പൊക്കവും വരൾച്ചയും മൂലം പാടശേഖരത്തിലെ കൃഷി അടിക്കടി മുടങ്ങുകയാണ്. നൂറിലധികം കർഷകർ ഇരുപ്പൂ കൃഷി ചെയ്തിരുന്ന പാടങ്ങളിൽ ഇപ്പോൾ ഒരു കൃഷി മാത്രമായി ചുരുങ്ങി. പലരും നിവൃത്തിയില്ലാതെ മറ്റ് കൃഷികൾ ചെയ്യാനും നിർബന്ധിതരായിരിക്കുകയാണ്.