രാജാക്കാട് : ചിന്നക്കനാൽ മുന്നൂറ്റിയൊന്ന് കോളനിക്ക് സമീപം കാട്ടാന ചെരിഞ്ഞത് വൈദ്യുതാഘാതം മൂലമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. വനം വകുപ്പ് വെറ്ററിനറി സർജൻ ഡോ.നിഷാ റെയ്ച്ചലിന്റെ നേതൃത്വത്തിലാണ് പോസ്റ്റ്‌മോർട്ടം നടത്തിയത്. കാട്ടാനയുടെ ജഡം ഇന്നലെ ദഹിപ്പിച്ചു. ബുധനാഴ്ച്ച രാവിലെയാണ് അറുപത് വയസ്സ് പ്രായം വരുന്ന പിടിയാനയുടെ ജഡം കോളനിക്ക് സമീപം കണ്ടെത്തിയത്.പ്രായാധിക്യം മൂലമാണ് കാട്ടാന ചെരിഞ്ഞതെന്നാണ് ആദ്യ നിഗമനം. എങ്കിലും തുമ്പികൈയിൽ കാണപ്പെട്ട മുറിവ് വൈദ്യുത വേലിയിൽ തട്ടി ഉണ്ടായതാണെന്ന സംശയം ഉയർന്നിരുന്നു.പ്രതികൂല കാലാവസ്ഥയും നേരം വൈകിയതും മൂലം ബുധനാഴ്ച്ച പോസ്റ്റ്‌മോർട്ടം നടത്താതെ ഇന്നലത്തേക്ക് മാറ്റിയിരുന്നു. പോസ്റ്റ്‌മോർട്ടത്തിൽ വൈദ്യുതാഘാതം മൂലമാണ് അന്ത്യം സംഭവിച്ചതെന്ന് ബോദ്ധ്യപ്പെട്ടതായി വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. കൂടുതൽ പരിശോധനകൾക്കായി ആന്തരിക അവയവങ്ങളുടെ സാമ്പിൾ കാക്കനാടുള്ള ലാബിലേക്ക് അയക്കും.സംഭവത്തേക്കുറിച്ച് വനം വകുപ്പ് അന്വേഷണം ആരംഭിച്ചു.
സമീപത്തെ കൃഷിയിടങ്ങൾക്കു ചുറ്റും സ്ഥാപിച്ചിട്ടുള്ള വൈദ്യുത വേലിയിൽ തട്ടിയാണ് കാട്ടാന ചെരിഞ്ഞതെന്നാണ് സൂചന. മൂന്നാർ ഡിഎഫ്ഒ എം.വി.ജി കണ്ണൻ, ദേവികുളം റേഞ്ച് ഓഫീസർ വി എസ് സിനിൽ എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി നടപടി സ്വീകരിച്ചു.

2017 ഓഗസ്റ്റ് 10ന് ചിന്നക്കനാലിന് സമീപം തച്ചങ്കരി എസ്റ്റേറ്റിന്റ വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റ് പിടിയാന ചരിഞ്ഞിരുന്നു. ഡിസി വൈദ്യുതി പ്രവഹിക്കുന്ന സോളാർ വൈദ്യുത വേലിയിൽ കൂടി ഉയർന്ന തോതിലുള്ള ഏസി വൈദ്യുതി കടത്തിവിടുന്നതാണ് കാട്ടാനകളുടെ മരണത്തിന് കാരണമാകുന്നത്.