മുട്ടം: മുട്ടം ടൗണിന് സമീപം മാത്തപ്പാറ ഭാഗത്ത് കുടിവെള്ളം മുട്ടിയിട്ട് ഒരാഴ്ചയായി. മുട്ടം കരിങ്കുന്നം പഞ്ചായത്തിലേക്ക് വെള്ളം പമ്പ് ചെയ്യുന്ന പമ്പ് ഹൗസിന് തൊട്ടടുത്താണ് കുടിവെള്ളം മുടങ്ങിയത്.നിരവധി കുടുബങ്ങളാണ് കുടിവെള്ളം കിട്ടാതെ ദുരിതത്തിലായത്. പമ്പിങ് നടക്കുന്നുണ്ടെങ്കിലും പലയിടത്തും പൈപ്പുകൾ പൊട്ടി കിടക്കുകയാണ്. സർക്കാർ ആശുപത്രിക്ക് സമീപം ജലവിതരണ പൈപ്പുകൾ പൊട്ടിയിട്ട് മാസങ്ങളായി. ഇതു വരെ ഈ ഭാഗത്തെ തകരാർ പരിഹരിച്ചിട്ടില്ല. ജലവിതരണ പൈപ്പുകൾ തകരാറിലായതാണ് ജലവിതരണം മുടങ്ങാൻ കാരണം.ഇതിന് മുമ്പ് ജലവിതരണം മുടങ്ങിയപ്പോൾ പ്രത്യക്ഷ സമരവുമായി മാത്തപ്പാറ നിവാസികൾ രംഗത്ത് വന്നിരുന്നു. പ്രതിഷേധവുമായി ജനങ്ങൾ രംഗത്ത് വരുമ്പോൾ താത്കാലികമായി പ്രശ്ന പരിഹാരം ഉണ്ടാക്കുകയാണ് അധികൃതർ ചെയ്യുന്നത്. മുട്ടം കോടതി പരിസരത്തും ജലവിതരണം തടസപ്പെട്ടിട്ടുണ്ട്. ജലവിതരണ പെപ്പുകളിൽ ഉണ്ടാകുന്ന തകരാർ കൃത്യ സമയത്ത് പരിഹരിക്കാത്തതാണ് അടിക്കടി പ്രതിസന്ധി ഉണ്ടാക്കുന്നത്.