തൊടുപുഴ :മുക്കുപണ്ടം പണയം വെച്ച് തങ്കമണി സർവീസ് സഹകരണ ബാങ്കിൽ നിന്ന് 10, 86, 000 രൂപ തട്ടിയെടുത്തതിന് തങ്കമണി പ്രകാശ് വഞ്ചിക്കപ്പാറയിൽ ബീന സുരേന്ദ്രൻ ഓടലാനിക്കൽ അജിത രതീഷ് എന്നിവരുടെ മുൻ കൂർ ജാമ്യാപേക്ഷ തൊടുപുഴ സെഷൻസ് ജഡ്‌ജ്‌ മുഹമ്മദ്‌ വസീം തള്ളി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികൾ ഗൂഢാലോചന നടത്തി തങ്കമണി സർവീസ് സഹകരണ ബാങ്കിന്റെ പ്രകാശ് ശാഖയിൽ നിന്ന് കഴിഞ്ഞ ഫെബ്രുവരി 25 മുതൽ ജൂലായ് 22 വരെയുള്ള തീയതികളിൽ വിവിധ ദിവസങ്ങളിൽ സ്വർണ്ണാഭരണമെന്ന വ്യാജേന മുക്കുപണ്ടങ്ങൾ പണയം വെച്ച് ബാങ്കിനെ കബളിപ്പിച്ച് പണം കൈപറ്റി എന്നതാണ് കേസ്. ജൂലായ് 30 ന് ബാങ്ക് സെക്രട്ടറി തങ്കമണി പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയപ്പോഴാണ് ഇവർ കുറ്റക്കാരാണെന്ന് തെളിഞ്ഞത്. കേസിലെ 2, 3, 4 എന്നീ പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.ജില്ലാ സഹകരണ ബാങ്കിന്റെ തോപ്രാംകുടി ശാഖ, തൊടുപുഴയിലും, മുവാറ്റുപുഴയിലും പ്രവർത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ നിന്നും പ്രതികൾ സമാന രീതിയിൽ തട്ടിപ്പ് നടത്തിയതായി ഇവർ സമ്മതിച്ചതിനെ തുടർന്ന് പ്രതികൾക്കെതിരെ വിവിധ കേസുകൾ കൂടി പൊലീസ് രജിസ്റ്റർ ചെയ്തു. പ്രതികൾ മുക്കുപണ്ടം വ്യാപകമായി പണയം വെച്ച് പണം തട്ടുന്ന ശൃംഖലയിലെ കണ്ണികളാണെന്നും പ്രതികളെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്ത് കൂടുതൽ അന്വേഷണം നടത്തേണ്ടത് ആവശ്യമാണെന്നും പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബി സുനിൽ ദത്തിന്റെ വാദം അംഗീകരിച്ചാണ് 5, 6 പ്രതികളുടെ മുൻ‌കൂർ ജ്യാമ്യാപേക്ഷ കോടതി തള്ളിയത്.