തൊടുപുഴ: യാത്രക്കാർ ഏറെ പ്രതീക്ഷയോെടെ കാത്തിരുന്ന കെ എസ് ആർ ടി സിയുടെ ചെയിൻ സർവ്വീസുകൾ പ്രാഥമിക ഘട്ടത്തിൽ തന്നെ തകിടം മറിഞ്ഞു. ജില്ലയിൽ സ്വകാര്യ ബസുകൾ കുത്തകയായി സർവ്വീസ് നടത്തി വന്ന റൂട്ടിൽ ചെയിൻ സർവീസുകൾ ആരംഭിക്കാനാണ് കെ എസ് ആർ ടി സി ഉന്നത തലത്തിൽ തീരുമാനിച്ച് പദ്ധതി തയ്യാറാക്കിയത്. എന്നാൽ ബസുകളുടെ കുറവാണ് സർവീസുകൾ തുടങ്ങാൻ തടസമെന്നാണ് അധികൃതർ മുടന്തൻ ന്യായം പറയുന്നതെങ്കിലും സ്വകാര്യ ബസ് ലോബിയുടെ ഇടപെടലാണ് വിലങ്ങു തടിയാകുന്നതെന്നാണ് പരക്കെയുളള ആക്ഷേപം.തൊടുപുഴ, കട്ടപ്പന ഡിപ്പോകളിൽ നിന്ന് പുതിയ ചെയിൻ സർവീസുകൾ ആരംഭിക്കാൻ മാസങ്ങൾക്ക് മുൻപ് കെ എസ് ആർ ടി സി തീരുമാനിച്ച് റൂട്ട് മാപ്പും തയ്യാറാക്കിയിരുന്നു. എന്നാൽ തൊടുപുഴയിൽ നിന്ന് നിശ്ചയിച്ചതിലും പകുതി മാത്രം സർവീസുകൾ ആരംഭിച്ചപ്പോൾ കട്ടപ്പനയിൽ നിന്ന് ഒരു സർവീസു പോലും ആരംഭിക്കാൻ കഴിഞ്ഞിട്ടില്ല.വരുമാന നേട്ടം ലക്ഷ്യമിട്ടാണ് പുതിയ ചെയിൻ സർവീസുകൾ ആരംഭിക്കാൻ കെ.എസ്.ആർ.ടി.സി തീരുമാനിച്ചതെങ്കിലും ഉന്നഉദ്യോഗസ്ഥർ തന്നെ പദ്ധതി അട്ടിമറിക്കാൻ കൂട്ട് നിൽക്കുന്നു എന്നാണ് ജീവനക്കാർ തന്നെ പറയുന്നത്.
സെൻട്രൽ സോണിൽ ജില്ലയിൽ നിന്നും കട്ടപ്പനചങ്ങനാശേരി ഒൻപത്, കട്ടപ്പനപൊൻകുന്നം ഒന്ന്, കട്ടപ്പന എരുമേലി ഒന്ന്, തൊടുപുഴ കാഞ്ഞിരപ്പള്ളി മൂവാറ്റുപുഴ 10 എന്നിങ്ങനെയായിരുന്നു പുതിയ ചെയിൻ സർവീസുകൾ ആരംഭിക്കുന്ന ബസുകളുടെ എണ്ണം നിശ്ചയിച്ചിരുന്നത്.
സർവീസുകൾ കഴിഞ്ഞ 15നു തന്നെ ആരംഭിക്കണമെന്ന് കെ.എസ്.ആർ.ടി.സി എക്സിക്യൂട്ടീവ് ഡയറക്ടർ നിർദേശം നൽകിയിരുന്നതുമാണ്. ഇതിൽ തൊടുപുഴ ഡിപ്പോയിൽ നിന്നും പേരിന് അഞ്ചു സർവീസുകൾ മാത്രമാണ് ആരംഭിച്ചത്. തൊടുപുഴയിൽ നിന്നും തുടങ്ങിയിരിക്കുന്ന ബസുകളിൽ ഇപ്പോൾ വരുമാനത്തിന്റെ കാര്യത്തിൽ വർദ്ധനവുണ്ടാകുന്നുണ്ട്. ഓരോ ബസുകളിൽ നിന്നും ദിവസേന 7000 രൂപയോളം വരുമാനം ലഭിക്കുന്നുണ്ട്. അരമണിക്കൂർ ഇടവിട്ടാണ് ഓരോ സർവീസുകളും നടത്തുന്നത്. എന്നാൽ ഈ സർവ്വീസുകൾ അട്ടിമറിക്കാൻ സ്വകാര്യ ബസ് ലോബി ശ്രമം നടത്തുന്നതായി ആരോപണം ഉയർന്നിരിക്കുന്നത്. സ്വകാര്യ ബസുകാരെ സഹായിക്കാൻ ചില സർവീസുകൾ റൂട്ടുമാറ്റിയോടിക്കാനും ശ്രമം നടന്നതായും ഒരു വിഭാഗം ജീവനക്കാർ ആരോപിക്കുന്നു. ബസുകളില്ലെന്ന കാരണമാണ് ചെയിൻ സർവീസ് ആരംഭിക്കാൻ പറയുന്നതെങ്കിലും ചില ഉദ്യോഗസ്ഥരുടെ താൽപ്പര്യക്കുറവാണ് സർവീസുകൾ ആരംഭിക്കാൻ തടസമെന്നു പറയപ്പെടുന്നു. കെ.കെ.റോഡ് പോലെ സ്വകാര്യ ബസുകൾ കൈയടക്കി വച്ചിരിക്കുന്ന റൂട്ടിലാണ് സർവീസുകൾ ആരംഭിക്കേണ്ടത്.ഇതിന്റെ ഭാഗമായാണ് സാധാരണക്കാരായ യാത്രക്കാർക്ക് പ്രയോജനകരമാകുന്ന റൂട്ടുകളിൽ കൂടുതൽ ചെയിൻ സർവീസുകൾ ആരംഭിക്കാൻ തീരുമാനിച്ചതും.