കട്ടപ്പന :നഗരസഭ സംസ്ഥാനത്തെ ആദ്യ വിധവാ സൗഹൃദ നഗരസഭയാകും. കട്ടപ്പനസെന്റ് ജോർജ് പാരിഷ് ഹാളിൽ ഇന്ന് രാവിലെ 10 ന് നടക്കുന്ന പൊതുസമ്മേളനത്തിൽ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എൻ. അനിൽകുമാർ പ്രഖ്യാപനം നടത്തും. പ്രഖ്യാപനത്തിന് മുന്നോടിയായി കട്ടപ്പന മിനി സ്റ്റേഡിയത്തിൽ നിന്നും റാലി നടത്തും.പരിപാടിയുടെ ഭാഗമായി ആയുർവേദ, അലോപ്പതി, ഹോമിയോ വിഭാഗങ്ങളുടെ മെഡിക്കൽ ക്യാമ്പും ഉണ്ടായിരിക്കും.
ജില്ലയിലെ ഓരോ പഞ്ചായത്തിലേയും മുൻസിപ്പാലിറ്റിയിലേയും വിധവകളുടെ കണക്കെടുത്തും വിധവകളുടെ ക്ഷേമത്തിനായി കേന്ദ്രസംസ്ഥാന സർക്കാരുകൾ ആവിഷ്‌ക്കരിച്ചിട്ടുള്ള പദ്ധതികൾ ഉൾപ്പെടുത്തി ഒരു കൈപ്പുസ്തകം തയ്യാറാക്കിയും പദ്ധതികളുടെ ഓരോന്നിന്റെയും പ്രയോജനം വിധവകൾക്കും ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കുകയും ഇവർക്കാവശ്യമായ എല്ലാ പിന്തുണയും നല്കുകയുമാണ് പദ്ധതി കൊണ്ടുദ്ദേശിക്കുന്നത്. ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിയും താലൂക്ക് ലീഗൽ സെല്ലും കട്ടപ്പന നഗരസഭയും ചേർന്നാണ് പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്നത്.

ഇടുക്കി ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റി ചെയർമാൻ ജില്ലാ ജഡ്ജി മുഹമ്മദ് വസീം അദ്ധ്യക്ഷത വഹിക്കും. റോഷി അഗസ്റ്റിൻ എം.എൽ.എ മുഖ്യാതിഥിയായിരിക്കും. നഗരസഭ ചെയർമാൻ ജോയി വെട്ടിക്കുഴി സ്വാഗതം പറയും. മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം ജില്ലാ ജഡ്ജി നിസ്സാർ അഹമ്മദ് നിർവഹിക്കും. ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജി ദിനേശ് എം. പിള്ള പദ്ധതിയുടെ വിഷയാവതരണം നടത്തും. കട്ടപ്പന കുടുംബകോടതി ജഡ്ജി ഫെലിക്‌സ് മേരിദാസ് മുഖ്യപ്രഭാഷണം നടത്തും