ഇടുക്കി : പെട്രോളിയം ആന്റ് നാച്വറൽ ഗ്യാസ് മന്ത്രാലയത്തിന്റെ നിർദ്ദേശ പ്രകാരം രണ്ട് വർഷത്തിലൊരിക്കൽ നടത്തുന്ന ഗ്യാസ് ഉപകരണങ്ങളുടെ പരിശോധനയ്ക്കായി ഗ്യാസ് ഏജൻസികളിൽ നിന്നും ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡുമായി ഗ്യാസ് ഏജൻസി പ്രതിനിധി വീടുകൾ സന്ദർശിക്കും. റേഷൻകാർഡ്, ആധാർ കാർഡ്, പാസ്ബുക്ക് (കൺസ്യൂമർ കാർഡ്) എന്നിവ പരിശോധന സമയത്ത് കാണിക്കണം. പേരിലോ അഡ്രസിലോ ഫോൺ നമ്പരിലോ മാറ്റം വന്നിട്ടുണ്ടെങ്കിലോ സബ്സിഡിയുമായി ബന്ധപ്പെട്ട എന്തെങ്കിലും സംശയം ഉണ്ടെങ്കിലോ ഇൻസ്‌പെക്ഷൻ സ്റ്റാഫിനെ അറിയിക്കാം. മാൻഡേറ്ററി ഇൻസ്‌പെക്ഷൻ നടത്തിയതായി പാസ്ബുക്കിൽ രേഖപ്പെടുത്തി നിയമാനുസൃത ഫീസായ 177 രൂപ നൽകി പരിശോധനാ റിപ്പോർട്ട് വാങ്ങി സൂക്ഷിക്കണം. പൊതുജന സേവന പ്രകാരം ഓയിൽ കമ്പനികൾ നൽകുന്ന ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതിന് പരിശോധനാ രേഖകൾ സൂക്ഷിച്ചുവയ്ക്കുകയും വേണം. ഏജൻസിയുടെ പേരും സീലും ഇൻസ്‌പെക്ഷൻ സ്റ്റാഫിന്റെ തിരിച്ചറിയൽ കാർഡിൽ ഉണ്ടെന്ന് ഉറപ്പുവരുത്തണം. വീടുകൾ സന്ദർശിക്കുന്നതിന് പകരം കവലകളോ കടകളോ കേന്ദ്രീകരിച്ച് മാൻഡേറ്ററി ഇൻസ്‌പെക്ഷൻ നടത്തുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾ വിവരം ബന്ധപ്പെട്ട ഗ്യാസ് ഏജൻസികളെ അറിയിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.