തൊടുപുഴ: മകളുടെ മുൻഭർത്താവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ദമ്പതികൾ നൽകിയ ജാമ്യാപേക്ഷ കോടതി തള്ളി. എറണാകുളം പള്ളത്തുനാട് സ്വദേശി കൂട്ടുങ്കൽ ഷിബു (49)വിനെ കൊലപ്പെടുത്തിയ കേസിൽ രാജാക്കാട് മമ്മട്ടിക്കാനം മാരാർ സിറ്റി കൈപ്പള്ളിൽ ശിവൻ, ഭാര്യ ജഗദമ്മ എന്നിവർ സമർപ്പിച്ച ജാമ്യഹർജിയാണ് തൊടുപുഴ സെഷൻസ് കോടതി ജഡ്ജി മുഹമ്മദ് വസീം തള്ളിയത്. ഈ മാസം 12നായിരുന്നു കേസിനാസ്പദമായ സംഭവം. ഷിബുവിന്റെയും ഷീജയുടെയും രണ്ടാം വിവാഹമായിരുന്നു. ഇവർ തമ്മിൽ നിരന്തരം വഴക്കുണ്ടായതിനെ തുടർന്ന് ഷീജ പിണങ്ങി രാജാക്കാട്ടെ വീട്ടിലായിരുന്നു താമസം. പിന്നീട് ബന്ധം വേർപെടുത്തിയിരുന്നു. കഴിഞ്ഞ മാർച്ചിൽ ഷിബു സുഹൃത്തുക്കളുമൊത്ത് രാജാക്കാട്ടെ വീട്ടിലെത്തി ഷീജയെ ആക്രമിക്കുകയും നിലവിളക്കു കൊണ്ടുള്ള അടിയേറ്റ് ഷിബുവിനും സംഘത്തിന്റെ ആക്രമണത്തിൽ ശിവനും ജഗദമ്മയ്ക്കും ഷീജയ്ക്കും പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ ഇരു കൂട്ടർക്കുമെതിരെ പൊലീസ് കേസെടുത്തിരുന്നു. ഈ കേസുകൾ കോടതിയിൽ നില നിൽക്കുകയാണ്. ശിവൻ ആക്രമിച്ചതിന്റെ വൈരാഗ്യം തീർക്കാനാണ് കഴിഞ്ഞ 12നു ഷിബു വീണ്ടും ശിവന്റെ വീട്ടിലെത്തിയത്. ഷീജയെയും കുട്ടിയെയും തനിക്കൊപ്പം വിടണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് വാക്കുതർക്കമുണ്ടാകുകയും ചെയ്തു. തുടർന്ന് ഷിബു വാക്കത്തിയെടുത്ത് ശിവിനെ ആക്രമിക്കാൻ ശ്രമിച്ചു. ഈ സമയം ജഗദമ്മ മുളകു കലക്കിയ വെള്ളം ഷിബുവിന്റെ മുഖത്തൊഴിക്കുകയും ശിവൻ ചുറ്റിക ഉപയോഗിച്ച് തലക്കടിക്കുകയും ചെയ്‌തെന്നാണ് ഇവർ പോലീസിനു മൊഴി നൽകിയത്. തുടർന്ന് ഇവരെ ഒന്നും രണ്ടും പ്രതികളാക്കി കേസ് രജിസ്റ്റർ ചെയ്തു. എന്നാൽ രാജാക്കാട് പോലീസിന്റെ അന്വേഷണത്തിൽ ശിവൻ ഒത്തുതീർപ്പു ചർച്ചയ്‌ക്കെന്ന പേരിൽ ഷിബുവിനെ വിളിച്ചു വരുത്തി ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് തെളിഞ്ഞു. ഇതിനായി മുളകു കലക്കി വച്ചിരുന്നതായും ഷിബു കൊണ്ടു വന്നുവെന്നു പറഞ്ഞ വാക്കത്തി ഇവരുടെ വീട്ടിൽ തന്നെയുള്ളതാണെന്നും കണ്ടെത്തി. കൂടാതെ ഷിബു ഷീജയോടൊപ്പം ജീവിക്കാൻ ആഗ്രഹിച്ചിരുന്നതായും മകനു വേണ്ടി മാസം തോറും പണം ബാങ്കിൽ നിക്ഷേപിച്ചിരുന്നതായും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രസിക്യൂട്ടർ അഡ്വ.ബി.സുനിൽദത്ത് ഹാജരായി.